പുലിമുരുകനെ കടത്തിവെട്ടി വീരം; ചിത്രം നൂറുകോടി നേടുമെന്ന് ജയരാജ്

ഇരുപത്തിയാറ് കോടി ചെലവിട്ട് നിര്‍മിച്ച പുലിമുരുകനെ കടത്തിവെട്ടി മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ്് ചിത്രവുമായി സംവിധായകന്‍ ജയരാജ് എത്തുന്നു. മുപ്പത്തിയഞ്ചുകോടി ചെലവിട്ട് നിര്‍മിക്കുന്ന വീരം എന്ന ആക്ഷന്‍ ചിത്രം ജയരാജിന്‍റെ നവരസം പരമ്പരയിലെ അഞ്ചാമത്തേതാണ്. ലോകസിനിമയിലെ മികച്ച സാങ്കേതികപ്രതിഭകള്‍ അണിയറയിലുള്ള ചിത്രത്തിന്‍റെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും.

നൂറുകോടി ക്ളബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ. അതാകും നവരസം പരമ്പരയിലെ തന്‍റെ അടുത്ത ചിത്രമായ വീരമെന്ന് സംവിധായകന്‍ ജയരാജ് പറയുന്നു. ഞങ്ങളുടെ ഈ സ്വപ്നം നൂറുശതമാനം ശരിയാകുമെന്നു തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ഷേക്സ്പിയറിന്‍റെ മാക്ബത്തിന്‍റെ അനുരൂപമായ വീരത്തില്‍ ഗ്രാഫിക്സിന് മാത്രം ചെലവിട്ടത് 20 കോടിരൂപയാണ്. ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യംചെയ്തിരിക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ അലന്‍ പോപ്പിള്‍ടണ്‍. ഇതിനിടെ സൂപ്പര്‍ താരങ്ങളല്ല സാങ്കേതിക മികവാണ് ബിഗ്ബജറ്റ് ചിത്രങ്ങളുടെ വിജയഘടകമെന്ന് പുലിമുരുകനെ പരാമര്‍ശിച്ച് ജയരാജിന്‍റെ കമന്‍റ്.

‘മോഹൻലാൽ മുമ്പ് അഭിനയിച്ച പല സിനിമകളും ഫ്ലോപ്പ് ആയിരുന്നു. പിന്നെ എന്തുകൊണ്ടാണ് പുലിമുരുകനിലേക്ക് ഇത്രയും ആളുകൾ വരുന്നത്. ആ സിനിമയ്ക്കൊരു പ്രത്യേകത ഉള്ളതുകൊണ്ടാണ്. കാരണം മികച്ച ടെക്നിക്കൽ ക്വാളിറ്റിയാണ് പുലിമുരുകന്റെ വിജയകാരണം. അതുകൊണ്ടാണ് ചിത്രം ഒരാഴ്ചകൊണ്ട് പത്തുകോടി കലക്ട് ചെയ്തതും.’ ജയരാജ് പറഞ്ഞു.

ബോളിവുഡിലെ കുനാല്‍ കപ്പൂറാണ് വീരത്തിലെ നായകന്‍. മലയാളം ,ഇംഗ്ളീഷ് ,ഹിന്ദി ഭാഷകളിലായി നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.