ഇൗ വിജയത്തിൽ രാജേഷ് പിള്ള സന്തോഷിക്കുന്നുണ്ട്

ജന്മം കൊടുത്ത ഉടനെ അമ്മ മരിച്ച കുഞ്ഞിനെ പോലെയായിരുന്നു ‘വേട്ട’. റിലീസിന്റെ പിറ്റേന്ന് സംവിധായകൻ വിട്ടു പോയിട്ടും ‘വേട്ട’ തളർന്നില്ല. രാജേഷ് പിള്ള ജീവൻ ത്യജിച്ചുണ്ടാക്കിയ ചിത്രത്തെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. നിറഞ്ഞ സദസ്സിൽ ‘വേട്ട’ പ്രദർശനം തുടരുമ്പോൾ രാജേഷിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവണം.

‘വേട്ട’ െഫബ്രുവരി 26–ന് തന്നെ റിലീസ് ചെയ്യണമെന്ന് രാജേഷിന് ആഗ്രഹമുണ്ടായിരുന്നു. അതു കൊണ്ടാണ് ഡോക്ടർമാർ വിശ്രമം വേണമെന്ന് പറഞ്ഞിട്ടു പോലും അതു വക വയ്ക്കാതെ സിനിമയ്ക്കായി അദ്ധ്വാനിച്ചതും. സിനിമ തീയറ്ററിൽ കാണാൻ സാധിക്കാതെ രാജേഷ് പോയെങ്കിലും സിനിമ നേടുന്ന വിജയം അദ്ദേഹത്തിന് അർഹിക്കുന്ന പ്രതിഫലമായി.

മറ്റു ചിത്രങ്ങളുടെ പ്രമോഷനായി സംവിധായകരുടെ നേതൃത്വത്തിൽ താരങ്ങൾ പരക്കം പായുമ്പോൾ ‘വേട്ട’ യ്ക്ക് പ്രമോഷൻ കൊടുത്തത് സാധാരണക്കാരാണ്. എല്ലാത്തിനും ചുക്കാൻ പിടിക്കേണ്ട സംവിധായകൻ വിട വാങ്ങിയിട്ടും ‘വേട്ട’ തളർന്നില്ല. രാജേഷ് പിള്ള എന്ന അതുല്യ പ്രതിഭയുടെ അവസാന ചിത്രമായതു കൊണ്ട് മാത്രമല്ല മറിച്ച് മലയാളത്തിലെ മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നാണെന്നതു കൊണ്ടു കൂടിയാണ് ചിത്രം പ്രേക്ഷകർ സ്വീകരിച്ചത്.

മോട്ടോർ സൈക്കിൾ ഡയറീസ്, ലൂസിഫർ തുടങ്ങി ഒരുപാട് ചിത്രങ്ങൾ സംവിധാനം ചെയ്യേണ്ടിയിരുന്ന രാജേഷ് പക്ഷെ അതൊക്കെ ബാക്കി വച്ച് വേട്ട മാത്രം നൽകി നമ്മെ വിട്ടു പോയി. ‘എ രാജേഷ് പിള്ള ഫിലിം’ എന്ന് ഇനി തീയറ്ററുകളിൽ എഴുതിക്കാണാൻ നമുക്ക് ഭാഗ്യമുണ്ടാകില്ല. പക്ഷേ വേട്ടയുടെ വിജയം ആ നിർഭാഗ്യത്തിലും സന്തോഷം നൽകുന്നതാണ്.