പുലിമുരുകൻ പിടിച്ച പുലിവാൽ

സമയദോഷം ഉള്ളപ്പോൾ അങ്ങനെയാണ്. കൈ വയ്ക്കുന്നിടത്തൊക്കെ പൊള്ളും. നന്മ ചെയാതാലും തിന്മയായി ഭവിക്കും. പാവം മോഹൻലാലിനും നല്ല സമയദോഷമാണെന്ന് തോന്നുന്നു. അല്ലെങ്കിൽ പിന്നെ അക്കിടികൾ ഇങ്ങനെ നാഷനൽ പെർമിറ്റ് ലോറി പിടിച്ച് പിറകെ വരുമോ? തൊടുന്നതൊക്കെ തോടല്ല, കുളമാകുന്ന അവസ്ഥ.

ആരെയും അസൂയപ്പെടുത്തുന്ന വിജയം കൈവരിച്ച ദൃശ്യത്തിന് ശേഷം മോഹൻലാൽ എന്ന നടനും വ്യക്തിക്കും കാര്യമായ നേട്ടങ്ങളുണ്ടാക്കാനായിട്ടില്ല എന്നതു വാസ്തവമാണ്. ആരുടെയോ കണ്ണു കിട്ടിയതു പോലെ പിന്നീടിങ്ങോട്ട് മോഹൻലാലിന് പലയിടത്തും അടി പതറി. ലാലിസത്തിൽ തുടങ്ങിയ കഴിഞ്ഞ വർഷം ‌അദ്ദേഹത്തിന് പ്രതിസന്ധികളുടേതായിരുന്നു. പുതുവർഷം എല്ലാം ശരിയാകുമെന്ന് കരുതിയിരുന്നെങ്കിൽ തെറ്റി. ഇക്കൊല്ലം ആദ്യം തന്നെ ഒരു സ്വകാര്യ ചാനൽ ഷോയിൽ മോശമല്ലാത്ത ലൈവ് പെർഫോമൻസ് നടത്തിയിതു പോലും തിരിച്ചടിയായി. ലാലിസത്തിന്റെ സെക്കൻഡ് പാർട്ട് എന്നു തുടങ്ങി വിമർശനങ്ങൾ പലവിധം.

ഏറ്റവുമൊടുവിലായി അവസാനത്തെ ആണി (വേറെ ആണി ഇനി വരുമോന്നറിയില്ല) കണക്കെ പുതിയ ബ്ലോഗും എത്തി. എത്രയോ കാലങ്ങളായി ബ്ലോഗ് എഴുതുന്നയാളാണ് മോഹൻലാൽ. അന്നൊക്കെ വാഴ്ത്തി പാടിയിരുന്നവർ ഒറ്റ ദിവസം കൊണ്ട് ചീമുട്ടയേറ് തുടങ്ങി. സത്യത്തിൽ പ്രശ്നം ബ്ലോഗ് എഴുതിയ മോഹൻലാലിനാണോ അതോ അത് വായിച്ചർക്കോ?

ഒന്നു നോക്കിയാൽ മോഹൻലാലിന്റെ ബ്ലോഗ് ഇത്ര വലിയ പൊല്ലാപ്പാക്കേണ്ട ആവശ്യമുണ്ടോ? അമ്മയെ തല്ലിയാലും രണ്ടു പക്ഷം കാണും. തല്ലിയതിനെ എതിർക്കാനും അനുകൂലിക്കാനും ആളുകൾ ഉണ്ടാവും. അതു പോലെ ജെഎൻയു വിഷയത്തിൽ മാത്രമല്ല ഏത് കാര്യത്തിലും വിരുദ്ധാഭിപ്രായങ്ങൾ വരിക സ്വാഭാവികം. മോഹൻലാൽ പറഞ്ഞപ്പോ അത് നാലാൾ‌ കൂടുതൽ അറിഞ്ഞു എന്നു മാത്രം. പക്ഷേ അതേ അഭിപ്രായമുള്ള എത്രയോ പേർ കേരളത്തിൽ കാണും. ഇന്ത്യയിൽ കാണും.

‌ഇൗ മോഹൻലാൽ ആരാണ് ? രാജ്യത്തിന്റെ ഏതെങ്കിലും ഒൗദ്യോഗിക ചുമതല വഹിക്കുന്ന വ്യക്തിയാണോ? ഭരണഘടനാപരമായ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സമിതികളിലേതിലെങ്കിലും അംഗമാണോ? പോട്ടെ ഒരു രാഷ്ട്രീയ നേതാവോ പൊതു പ്രവർത്തകനോ ആണോ? അല്ല. രാജ്യത്തിന്റെ ചില പരമോന്നത ബഹുമതികൾ നേടിയ ആളാണെന്നതൊഴിച്ചു നിർത്തിയാൽ മറ്റേതൊരു സാധാരണ ഇന്ത്യൻ പൗരനേയും പോലെ തന്നെയാണ് മോഹൻലാലും.

പിന്നെ അദ്ദേഹം ഒരു സിനിമാ നടനാണ്. അപ്പൊ ആഷിക്ക് അബു ചോദിക്കും പോലെ അതെന്താ സിനിമാ നടന് അഭിപ്രായ സ്വാതന്ത്ര്യമില്ലേ? സിനിമാക്കാർ നിലാപാട് തുറന്ന് പറഞ്ഞാൽ ഭൂമി ഇടിഞ്ഞു വീഴുമോ? ഒരിക്കലുമില്ല. സിനിമാക്കാർക്കും അഭിപ്രായം പറയാം. ഏതൊരു സാധാരണക്കാരനെയും പോലെ. മോഹൻലാൽ, തന്റെ നിലപാട് തുറന്നു പറയാനുള്ള ആർജവം കാണിച്ചു. സത്യത്തിൽ ആ ധൈര്യത്തിനെ അഭിനന്ദിക്കുകയല്ലേ ചെയ്യേണ്ടത്? മോഹൻലാൽ പറയുന്നതെല്ലാം അക്ഷരം പ്രതി അനുസരിക്കാനാണെങ്കിൽ അദ്ദേഹം മുൻബ്ലോഗുകളിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടാകിനിടയില്ലാത്ത എത്രയോ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിനെയൊക്കെ തള്ളിയ ആളുകൾ ഇത്തരമൊരു അഭിപ്രായ പ്രകടനത്തെ എന്തിന് ഇത്ര വികാരപരമായി കാണുന്നുവെന്ന് മനസ്സിലാകുന്നില്ല ? മോഹൻലാൽ തനിക്ക് പറയാനുള്ള കാര്യം പറഞ്ഞു. കേൾക്കേണ്ടവർ കേൾക്കുക. അല്ലാത്തവർ അതിനെ തള്ളിക്കളയുക.

പിന്നെ നമുക്ക് ഇഷ്ടമുള്ളത് ചെയ്യുമ്പോൾ മടിയിൽ വച്ച് ഒാമനിക്കും. ഇഷ്ടമില്ലാത്തത് ചെയ്താലോ അവിടെ നിന്ന് തള്ളി താഴെയിടുകയും ചെയ്യും. അതാണല്ലോ മലയാളികളുടെയന്നല്ല പൊതുവേ ഉള്ള ഒരു കീഴ്‍വഴക്കം. അതു പാവം മോഹൻലാലിനും ഇപ്പോ മനസ്സിലായിട്ടുണ്ടാവും.