ബാഹുബലിയ്ക്ക് പേടിക്കേണ്ട; വൈഡ് റിലീസ് നടപ്പാക്കാൻ ധാരണ

ബാഹുബലി കേരളത്തിൽ വൈഡ് റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നു നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ സംയുക്ത യോഗം. എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഭീഷണിയ്ക്കു വഴങ്ങി പടം കളിക്കാതിരുന്നാൽ അത്തരം തിയറ്ററുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.

കരാർ ഒപ്പിട്ട ശേഷം ചിത്രം പ്രദർശിപ്പിക്കാത്ത തിയറ്ററുകൾക്കെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യയിൽ പരാതി നൽകും. ഈ തിയറ്ററുകൾക്കു ഭാവിയിൽ മറ്റ് ചിത്രങ്ങൾ നൽകില്ല. പ്രേമത്തിന്റെ പേരിൽ മുതലകണ്ണീരൊഴുക്കുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഇതിനു മുൻപു തിയറ്ററുകളിൽ നിന്നു വ്യാജൻ പുറത്തു വന്നപ്പോൾ തിയറ്റർ അടച്ചിട്ടു സമരം ചെയ്തിട്ടില്ല. തിയറ്ററടിച്ചിട്ടുള്ള സമരം ബാഹുബലിയുടെ വൈഡ് റിലീസ് തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ് കുമാർ പറഞ്ഞു. പ്രേമം വൈഡ് റിലീസ് ചെയ്തിരുന്നെങ്കിൽ ഇപ്പോളുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നവെന്നും ഭാരവാഹികൾ പറഞ്ഞു.

ബാഹുബലി 120 തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ കരാറായതായി ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്ന സെഞ്ച്വറി ഫിലിംസ് ഉടമ രാജു മാത്യു പറഞ്ഞു. കരാർ ഒപ്പു വച്ച തിയറ്ററുകളിൽ ഫെഡറേഷന്റെയും അസോസിയേഷന്റെയും തിയറ്ററുകളുണ്ട്. ഫെഡറേഷന്റെ നേതൃത്വത്തിൽ അസോസിയേഷന്റെ കീഴിലുള്ള തിയറ്ററുകളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ട്. കേരളത്തിൽ വൈഡ് റിലീസ് നടത്താനുള്ള തീരുമാനത്തെ 2008 മുതൽ വിവിധ കാരണങ്ങൾ പറഞ്ഞു ഫെഡറേഷൻ അട്ടിമറിക്കുകയാണ്. ഇനിയിത് അനുവദിച്ചു നൽകില്ലെന്നും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസി.േയഷൻ പ്രസിഡന്റ് സിയാദ് കോക്കർ പറഞ്ഞു. വള്ളർക്കാവ് - ഗാനം (തൃശൂർ), കറ്റാനം -രാഗം(ആലപ്പുഴ), പട്ടാമ്പി- അലക്സ് എന്നീ തിയറ്ററുകളിൽ ബാഹുബലി നൽകരുതെന്ന ഫെഡറേഷന്റെ ഭീഷണിക്കു സംഘടന വഴങ്ങില്ല.

ഫെഡറേഷൻ / അസോസിയേഷൻ അടി

ലിബർട്ടി ബഷീർ നേതൃത്വം നൽകുന്ന എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷൻ റിലീസ് ചിത്രങ്ങൾ തങ്ങളുടെ തിയറ്ററുകളിൽ മാത്രം മതിയെന്ന നിലപാടാണു തുടക്കം മുതൽ സ്വീകരിക്കുന്നത്. ബി,സി സെന്ററുകളിലെ തിയറ്ററുകളിൽ അടിസ്ഥാന സൗകര്യമില്ലെന്ന കാരണം പറഞ്ഞാണിത്. എന്നാൽ ഗണേഷ് കുമാർ വകുപ്പു മന്ത്രിയായിരുന്ന കാലത്ത് ബി,സി കേന്ദ്രങ്ങളിലെ തിയറ്ററുകൾ നവീകരിച്ചാൽ റിലീസ് നൽകാമെന്നു പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ലക്ഷങ്ങൾ മുടക്കി തിയറ്റുകൾ നവീകരിച്ചിരുന്നു.

എന്നാൽ റിലീസ് ലഭിക്കാതായതോടെ തിയറ്ററുടമകൾ വഴിയാധാരമായിരിക്കയാണ്. എല്ലാം ഒറ്റയ്ക്കു വിഴുങ്ങണമെന്ന ഫെഡറേഷന്റെ മാടമ്പിത്തരമാണു തങ്ങൾക്കു റിലീസ് കിട്ടാത്തതിനുള്ള പ്രധാന കാരണമെന്നാണ് അസോസിയേഷന്റെ നിലപാട്. ഫെഡറേഷന്റെ കിഴിലുള്ള നിലവാരമില്ലാത്ത തിയറ്ററുകളിൽ വരെ റിലീസ് പടം കളിക്കുമ്പോഴാണു എല്ലാ സൗകര്യവുമുള്ള അസോസിയേഷന്റെ തിയറ്ററുകൾക്കു പടം നൽകാത്തത്. പ്രേമം ജൂലൈ 17നു ശേഷമായിരിക്കും അസോസിയേഷന്റെ കീഴിലുള്ള തിയറ്ററുകൾക്കു നൽകുകയെന്നാണു ഇപ്പോൾ പറയുന്നത്.