മൈ ഫോൺ നമ്പർ ഈസ് 2255

സ്മാർട് ഫോണുകളും മൊബൈലുകളും കൊടികുത്തിവാഴുന്ന ഇക്കാലത്ത് ഇതിലൂടെ നടക്കുന്ന ത‌ട്ടിപ്പുകളും വ്യാപകമാണ്. സിനിമകളിലും ഫോണുകൾ മുഖ്യ കഥാപാത്രമായി മാറിയിട്ടുണ്ട്. മൊബൈലുകൾക്കും മുൻപു ലാൻഡ് ലൈനുകൾ രാജാവായിരുന്നകാലത്തും ഫോണുകളുമായി ചേർത്തുവച്ചു മലയാള സിനിമാ പ്രവർത്തകർ കഥകൾ തയാറാക്കിയി‌ട്ടുണ്ട്. അവയിൽ പലതും മലയാളികളു‌ടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുമുണ്ട്. സിനിമകളിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകൾ പലപ്പോഴും പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. മലയാളത്തിലെ ചില ഫോൺ ചരിത്രവും ചില തമാശകളും.

മൈ ഫോൺ നമ്പർ ഈസ് 2255

മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയ രാജാവിന്റെ മകനിലൂടെയാ‌ണു മലയാളികൾ ആദ്യമായി സിനിമയിലെ ഒരു ഫോൺ നമ്പർ കാണാതെ പഠിച്ചത്. അംബിക അവതരിപ്പിക്കുന്ന നായിക നാൻസിയെ കാണാൻ എത്തുന്ന വിൻസന്റ് ഗോമസ് പറയുന്നുണ്ട്, എന്ത് ആവശ്യത്തിനും വിളിക്കാൻ മടിക്കേണ്ട; മൈ ഫോൺ നമ്പർ ഈസ് ഡബിൾ ടു ഡബിൾ ഫൈവ്. അന്നു സിനിമയ്ക്കൊപ്പം ഈ നമ്പറും ഫെയ്മസായി പലരും ഈ വാചകം കടമെടുത്തു സ്വന്തം നമ്പർ പറയുന്ന നിലയിലുമായി. പക്ഷേ ഈ ഫോൺ നമ്പർ ആർക്കും പ്രശ്നം ഉണ്ടാക്കിയില്ല.

ജയിലിൽ നിന്നൊരു ഫോൺകോൾ

അച്ഛൻ ഇല്ലാതെ അമ്മയുടെ മാത്രം തണലിൽ വളരുന്ന ഒരു കുട്ടി. ആ കുട്ടിയെ സ്നേഹസമ്പന്നനായ ഒരു ആളിലേക്ക് അടുപ്പിക്കുന്നത് ഒരു ഫോൺകോൾ. അവസാനം വരെ അയാളുടെ ശബ്ദം മാത്രമാണ് ആ സിനിമയിൽ വരുന്നത്. അതും ലാൻഡ് ഫോണിലൂടെ. ഫോൺ മുഖ്യകഥാപാത്രമായ ആ സിനിമയുടെ പേര് ഒന്നു മുതൽ പൂജ്യം വരെ. സംവിധാനം രഘുനാഥ് പലേരി. കൊച്ചുകുട്ടിയായി അഭിനയിച്ചത് ഇന്നത്തെ സംവിധായികയും നടിയുമായ ഗീതു മോഹൻദാസ്. ഫോൺ അങ്കിളായി വരുന്നതു ലാലേട്ടനും. പക്ഷേ സിനിമയുടെ അവസാനം മാത്രമാണു ലാലിന്റെ ഈ കഥാപാത്രം ജയിലിൽ കിടക്കുന്ന ആളാണെന്നു പ്രേക്ഷകൻ അറിയുന്നത്. കുട്ടിയുടെ വീട്ടിലേക്കു വരുന്ന ഇയാളെ പൊലീസ് അറസ്റ്റ് െചയ്തു കൊണ്ടുപോകുന്നതോടെ സിനിമയ്ക്ക് അവസാനമാകുന്നു. ഫോണിലേക്കു പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന കുട്ടി ഏറെക്കാലം മലയാളികളുടെ മനസ്സിലെ തേങ്ങലായി. ഇതിലെ രാരീ രാരിരം രാരോ എന്ന മെലഡിയും സൂപ്പർഹിറ്റായി.

സിനിമയിലെ നമ്പറുകൾ ജീവിതത്തിൽ വില്ലനായപ്പോൾ

മൊബൈൽ ഫോൺ നമ്പറുകൾ സിനിമകളിൽ ഉപയോഗിച്ചുതുടങ്ങിയതോടെ ഉണ്ടായ പൊല്ലാപ്പുകളും അനവധിയാണ്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിൽ ഉപയോഗിച്ച ഫോൺനമ്പർമൂലം ഒരു വീട്ടമ്മയ്ക്കുണ്ടായ പൊല്ലാപ്പുകൾ . അതിനും മുൻപു കത്തി എന്ന വിജയ് ചിത്രത്തിൽ നായകനും നായികയും എയർപോർട്ടിൽ വച്ചു കണ്ടുമുട്ടുന്നു. നായിക നായകനു തന്റെ നമ്പർ എന്നു പറഞ്ഞിട്ട് ഒരു നമ്പർ കൊടുക്കുന്നു. നായിക പറയുന്ന നമ്പർ നായകൻ ഡയൽ ചെയ്യുമ്പോൾ വീണ്ടും ആവർത്തിക്കുന്നുണ്ട്. സിനിമയിൽ കോൾ കിട്ടുന്നതു നഗരസഭയുടെ പട്ടിയെ പിടികൂടുന്ന വിഭാഗത്തിലാണ്. എന്നാൽ യഥാർഥത്തിൽ അതു ചെന്നൈയിലെ ഒരു മലയാളിയുടെ നമ്പർ ആയിരുന്നു. സിനിമ ഇറങ്ങിയതോടെ പുള്ളി വിജയ്‌യെക്കാൾ ബിസി ആയി. വിജയ് ഉണ്ടോ, സാമന്ത ഉണ്ടോ തുടങ്ങി കോളോടുകോൾ! അതിന്റെ അലയൊലികൾ അടങ്ങാൻ ഒരുപാടു സമയമെടുത്തു. അതുപോലെയാണു ഹിന്ദി ഗജിനിയിൽ ആമിർ ഖാൻ ശരീരത്തിൽ എഴുതിവച്ചിരിക്കുന്ന നമ്പർ. ഇതു കണ്ടു ജനം വിളിതുടങ്ങി. യഥാർഥ ഉടമ ഒരു ബോംബെ ഹിന്ദിക്കാരൻ ഓട്ടംതുടങ്ങി. സിനിമകളിൽ ഉപയോഗിക്കുന്ന നമ്പറുകൾ ഉപയോഗിക്കുന്നവ അല്ലെന്നു സാങ്കേതികപ്രവർത്തകർ ഉറപ്പുവരുത്തേണ്ട കാലം കഴിഞ്ഞു.

ഉറുമീസ് തമ്പാൻ ഉണ്ടോ ഉറുമീസ് തമ്പാൻ

സിദ്ദീഖ് ലാലിന്റെ ആദ്യചിത്രം റാംജി റാവു സ്പീക്കിങ്ങിൽ കഥാഗതിയെ മാറ്റിമറിക്കുന്നതു തന്നെ ഒരു ഫോൺകോളാണ്. മൊബൈലിനു മുൻപുള്ള കഥയായതിനാൽ ലാൻഡ് ലൈൻ തന്നെയാണ് ഇതിലും താരം. ഫോൺ ഡയറക്ടറിയിൽ തൊട്ടടുത്ത രണ്ടു നമ്പറുകൾ പരസ്പരം മാറ്റി എഴുതിയിരിക്കുന്നതാണു പ്രശ്നമായി മാറുന്നത്. ആദ്യം മുതൽ തന്നെ ചിത്രത്തിൽ അതു കാണിക്കുന്നുണ്ട്. ഉറുമീസ് തമ്പാൻ എന്ന ചെമ്മീൻ എക്സ്പോർട്ടറുടെ വീട്ടിലേക്കു മാന്നാർ മത്തായി ഉണ്ടോ എന്നു ചോദിച്ചു കോൾ വരുന്നുണ്ട്. ഉറുമീസ് കോൾ വേലക്കാരൻ മത്തായിക്കു കൊടുക്കുന്നു. സിനിമയുടെ ഒരു സീനിൽ മാറിവരുന്ന കോൾ കാരണം ഗതികെട്ട ഇന്നസെന്റിന്റെ കഥാപാത്രം മാന്നാർ മത്തായി ഫോണെടുത്തു പറയുന്നുണ്ട്; ഉറുമീസ് തമ്പാനോ, ഒരു അ‍ഞ്ച് മിനിറ്റ് മുൻപു മരിച്ചുപോയല്ലോ എന്ന്. സിനിമയിൽ മാന്നാർ മത്തായിയും സംഘവും ഉറുമീസിന്റെ മകളെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതിനു കാരണവും മാറിവരുന്ന ഫോൺകോളാണ്. ഇതിൽ കൊൽക്കത്തയിൽ നിന്ന് എന്ന പേരിൽ മുകേഷിന്റെ ഗോപാലക്യഷ്ണൻ അമ്മയെ വിളിക്കുന്ന ഫോണിൽ ഹോസ്റ്റൽ മേട്രൻ കമ്പിളിപ്പുതപ്പ് എന്നു പറയുന്നതും മുകേഷ് േകൾക്കുന്നില്ല എന്നു പറഞ്ഞ് അവസാനം അലറി നിലവിളിച്ച് അവരുടെ ശബ്ദം പോകുന്നതുമായ തമാശ ഇപ്പോഴും മലയാളികൾക്കു പ്രിയപ്പെട്ടതാണ്.

ഒരു ഫോൺമാറ്റവും കല്ല്യാണ പൊല്ലാപ്പുകളും

പുലിവാൽക്കല്യാണം എന്ന ഷാഫി ചിത്രം ഒരേപോലുള്ള രണ്ടു മൊബൈലുകൾ മാറിപ്പോകുന്നതിലൂടെ സംഭവിക്കുന്ന പ്രണയം പറഞ്ഞ സിനിമയാണ്. നായകൻ ജയസൂര്യയ്ക്കും നായിക കാവ്യ മാധവനും ഉപയോഗിക്കുന്ന ഫോൺ ഒരു ബാങ്കിൽ വച്ചു മാറിപ്പോകുന്നു. ഇതു നൽകാനായി ഇവർ നടത്തുന്ന ഫോൺകോളുകൾ പല ഗുലുമാലുകൾക്കും അവസാനം പ്രണയത്തിലേക്കും എത്തുകയാണ്. മൊബൈൽ മുഖ്യ കഥാപാത്രമായി ഹിറ്റായ ചിത്രങ്ങളിൽ ഒന്നാണിത്.

ഇതു ഞങ്ങൾ അങ്ങോട്ടു വിളിച്ച കോൾ അല്ലേ?

റാംജി റാവുവിന്റെ തുടർച്ചയായി ഇറങ്ങിയ മാന്നാർ മത്തായിയിൽ നാടകം അവതരിപ്പിക്കാൻ എത്തേണ്ട മാന്നാർ മത്തായിയെയും സംഘത്തെയും കാണാതെ സംഘാടകർ ഫോൺ വിളിക്കുന്നു. അപ്പോൾ നിഷ്കളങ്കമായി മാന്നാർ മത്തായി പുറപ്പെട്ടു പുറപ്പെട്ടു എന്നു പറയുന്നു. അപ്പോൾ സംഘാടകന്റെ മറുചോദ്യം ഉണ്ട്. പുറപ്പെട്ടുവെങ്കിൽ നിങ്ങൾ ഇത് എവിടെ നിന്നാണു വിളിക്കുന്നത്. മത്തായിയു‌ടെ മറുപടി. ഇത് ബൂത്തിന്നാ.... സംഘാടകൻ വീണ്ടും ഇത് ഞങ്ങൾ അങ്ങോട്ടു വിളിച്ച കോൾ അല്ലേ? മത്തായി പറയുന്നു, അല്ല ഇതു ബൂത്ത് അല്ലേ? ബൂത്തിലെ നമ്പർ നിങ്ങൾക്ക് അറിയില്ലല്ലോ. സംഘാടകനു വീണ്ടും പുറപ്പെട്ടോ എന്ന് ആശങ്ക. അപ്പോൾ മത്തായി പറയുന്നു–പുറപ്പെട്ടു പുറപ്പെട്ടു, വേണമെങ്കിൽ അരമണിക്കൂർ മുൻപേ പുറപ്പെടാം, കിളിപോയ സംഘാടകൻ എന്നാൽ പുറപ്പെട് എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്യുന്നു. ലാൻഡ് ഫോൺ ആയതുകൊണ്ടു മാത്രം സാധ്യമായ ഒരു തമാശയാണ് ഇത് .

പ്രൈവറ്റ് നമ്പർ

മസിൽ പിടിച്ചു ഗൗരവത്തിൽ നടക്കുന്ന നായകൻ നായികയ്ക്കു തീരാത്തലവേദനയായി മാറുന്നു. കോളജിലും എല്ലായിടത്തും തന്റെ സ്വാതന്ത്യത്തിനു വിലങ്ങുതടിയായി മാറുന്നതോടെ നായകന്റെ ശല്യം ഒഴിവാക്കാൻ നായിക കണ്ടെത്തുന്ന മാർഗമാണു മൊബൈൽ പ്രണയം. നായികയുടെ നമ്പർ പ്രൈവറ്റ് നമ്പർ എന്ന ഓപ്ഷനിൽ ഇട്ടിട്ടു നായകനെ വിളിതുടങ്ങുന്നതോടെ ആദ്യം നായകൻ തെറിവിളിയും ബഹളവുമായി ഓടിനടക്കുന്നു. ആളിനെ കണ്ടെത്താനുള്ള നീക്കം എല്ലാം പൊളിയുന്നു. സിനിമയിലെ പ്രധാന തമാശകൾ തന്നെ ഈ കോളിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങളാണ്. പിന്നീട് ആളിനെ കാണാതെ തന്നെ സീരിയസായ പ്രണയം ആരംഭിക്കുന്നതോടെ സിനിമയും സീരിയസ് ആകുന്നു. സിദ്ദീഖിന്റെ ഭാഷാന്തരങ്ങൾ കടന്ന ബോഡിഗാർഡാണു മൊബൈൽ പ്രധാന കഥാപാത്രമായി മാറിയ ഈ ചിത്രം.

മൊബൈൽ ഉണ്ട‌ായിരുന്നുവെങ്കിൽ ഇവർ ഒന്നുചേർന്നേനെ

വന്ദനം എന്ന പ്രിയദർശൻ – മോഹൻലാൽ ചിത്രത്തിലെ ക്ലൈമാക്സ് ഓർമയുണ്ടോ. പൊലീസ് കാണാതെ ഒളിഞ്ഞുനിന്നു ഫോൺ വിളിക്കുന്ന നായിക. ആ ഫോണിനായി കാത്തിരുന്ന് അവസാനം വീടുംപൂട്ടി താക്കോലും വലിച്ചെറിഞ്ഞു നായകൻ നടക്കുമ്പോൾ ലാൻഡ് ഫോൺ റിങ് ചെയ്യുന്നു. വലിച്ചെറിഞ്ഞ താക്കോൽ നോക്കി കിട്ടാതാകുന്നതോടെ വീടിന്റെ ടെറസിലൂടെ മറ്റൊരു വശം വഴി ഓടിപ്പിടിച്ചു ഫോൺ എടുക്കുമ്പോഴേക്കും റിങ് അവസാനിക്കുന്നു. ട്രാഫിക് സിഗ്നലിൽ പരസ്പരം കാണാതെ രണ്ടു വശങ്ങളിലേക്കു തിരിയുന്ന നായികയുടെയും നായകന്റെയും സീനോടെ സിനിമ അവസാനിക്കുന്നു. ഇന്നാണെങ്കിൽ അത്തരം ഒരു ക്ലൈമാക്സ് ഉണ്ടാക്കില്ലായിരുന്നു. മൊബൈലിൽ വിളിച്ചു രണ്ടുപേരും ഒന്നിച്ചു നടന്നേനെ. അന്നു ലാൻഡ് ഫോൺ താരമായതുകൊണ്ട് അങ്ങനെ ഒരു സെന്റിമെൻസ് ക്ലൈമാക്സ് കിട്ടി.