യുദ്ധമല്ല, സമാധാനം; റിവ്യു

അതിർവരമ്പുകൾകൊണ്ട് സൗഹൃദം വിലക്കപ്പെട്ട രണ്ടു രാജ്യങ്ങളിലെ പട്ടാളക്കാരുടെ കഥയാണ് ബിയോണ്ട് ദ് ബോർഡേർസ്. 1971-ലെ ഇന്ത്യ-പാക്‌ യുദ്ധം പ്രമേയമാക്കിയ ചിത്രം മേജർ രവിയുടെ മുൻകാല പട്ടാളക്കഥകളുടെ ചുവടു പിടിച്ചുള്ളതാണ്. 

മേജർ മഹാദേവന്റെ അച്ഛൻ ബ്രിഗേഡിയർ സഹദേവന്റെ ഓർമകളിലൂടെയാണ് ഈ സിനിമയുടെ യാത്ര. പാക്കിസ്ഥാൻ പട്ടാളക്കാരനായിരുന്ന അക്രം രാജയ്ക്ക് എല്ലാ വർഷവും ഡിസംബർ 17ന് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കും. അതിനൊരു കാരണമുണ്ട്. ആ കഥയാണ് 1971 ബിയോണ്ട് ബോർഡേര്‍സിലൂടെ പറയുന്നത്. 

രണ്ടു കാലഘട്ടങ്ങളിലൂടെയാണ്‌ സിനിമയുടെ കഥ സഞ്ചരിക്കുന്നത്‌. ജോർജിയയിൽ യുഎൻ ദൗത്യസംഘത്തിൽ അംഗമായിരിക്കെ തീവ്രവാദി ആക്രമണത്തിൽനിന്ന് ഒരു പാക്കിസ്ഥാൻ ഭടനെ രക്ഷിക്കുന്ന മേജർ മഹാദേവൻ, തന്റെ പിതാവിനെക്കുറിച്ച് ഓർമിക്കുന്നിടത്തുനിന്നാണ് ചിത്രം തുടങ്ങുന്നത്‌. 46 വർഷം മുൻപുള്ള സംഭവങ്ങൾ, ബ്രിഗേഡിയർ സഹദേവൻ തന്റെ കൊച്ചുമകനോടു പറയുന്നതിലൂടെ കഥ വികസിക്കുന്നു. 1971-ൽ നടന്ന ഇന്ത്യ-പാക്‌ യുദ്ധത്തിലെ അയാളുടെ സാന്നിധ്യവും ജീവിതാനുഭവങ്ങളും സിനിമയിലെ സന്ദർഭങ്ങളായി വരുന്നു. 

കേണൽ മഹാദേവനായും ബ്രിഗേഡിയർ സഹദേവനായും ഇരട്ട വേഷത്തിലാണ് ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. രണ്ടു കഥാപാത്രങ്ങളായും മോഹൻലാൽ മികച്ച അഭിനയമാണ് കാഴ്ചവച്ചത്. ചിന്മയ് എന്ന ജവാനായി അല്ലു സിരീഷും പാക്കിസ്ഥാൻ പട്ടാള മേധാവി അക്രം രാജ ആയി അരുണോദയ് സിങ്ങും അഭിനയിച്ചിരിക്കുന്നു. ഈ മൂന്നു കഥാപാത്രങ്ങളുടെ വ്യക്തിജീവിതങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.

സാങ്കേതികമായി ചിത്രം ഏറെ മുന്നിട്ടു നിൽക്കുന്നു. സാലു കെ. ജോർജിന്റെ കലാസംവിധാനം എടുത്തുപറയേണ്ടതാണ്. 1971 കാലഘട്ടത്തിലെ പട്ടാളആയുധങ്ങളും സാങ്കേതികവിദ്യകളും കൃത്യമായി ആവിഷ്കരിക്കാൻ അദ്ദേഹത്തിനായി. മേക്കിങ്ങിൽ ഇത്തവണ വേറിട്ടൊരു ശൈലിയാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. പട്ടാളക്കാരുടെ ഒറ്റപ്പെടലും അവരുടെ കുടുംബങ്ങളുടെ വേദനയും അതിസങ്കീർണമായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. 

കഥയിലെ ആവർത്തന വിരസതയാണ് ചിത്രത്തിന്റെ പ്രധാനപോരായ്മ. 136 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ ആദ്യപകുതി മെല്ലെപ്പോക്കിന്റേതാണ്. ഉദ്വേഗജനകമായ രംഗങ്ങളോ വികാരമുണർത്തുന്ന സംഭാഷണങ്ങളോ സിനിമയിലില്ല. രണ്ടാം പകുതിയിലെ ടാങ്കുകളുടെ യുദ്ധം മികച്ചു നിന്നു. ഇന്ത്യ– പാക് യുദ്ധകാലത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ അതിപ്രധാനമായ ടാങ്ക് യുദ്ധം നടന്ന മേഖല എന്ന നിലയിലാണ് രാജസ്ഥാനില്‍ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. രാജസ്ഥാനിലെ കരസേനയുടെ മഹാജൻ ക്യാംപ് ആയിരുന്നു പ്രധാന ലൊക്കേഷൻ. ഉരുകുന്ന ചൂടുകാറ്റിലും, രാജ്യസ്നേഹം തുളുമ്പുന്ന ഈ സിനിമയ്ക്കായി വിയർപ്പൊഴുക്കിയവരെ അഭിനന്ദിക്കണം. 

ചിന്മയ് ആയി എത്തിയ അല്ലു സിരീഷും അക്രം രാജ ആയി എത്തിയ അരുണോദയ് സിങ്ങും മികച്ച പ്രകടനം നടത്തിയപ്പോൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജി പണിക്കർ, ദേവൻ, സൈജു കുറുപ്പ്, സുധീർ കരമന, കൃഷ്ണ കുമാർ, ആശ ശരത്, പ്രിയങ്ക അഗർവാൾ, നേഹ ഖാൻ, സൃഷ്ടി ഡാങ്കെ , ബാലാജി, ഷൈജു, മേഘനാദൻ, കണ്ണൻ പട്ടാമ്പി എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി.

സുജിത് വാസുദേവിന്റെ ഛായാഗ്രഹണ മികവ് സിനിമയുടെ മുതൽക്കൂട്ടാണ്. പ്രത്യേകിച്ചും യുദ്ധരംഗങ്ങളിലെ ക്യാമറചലനങ്ങൾ അതിഗംഭീരം. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം യുദ്ധരംഗങ്ങളുടെ തീവ്രതയുയർത്തി. സംജിത് ആണ് എഡിറ്റിങ്.

ഒരു ഇമോഷനൽ വാർ ഡ്രാമയാണ് 1971 ബിയോണ്ട് ദ് ബോർഡേഴ്സ്. യുദ്ധമുഖത്തെ ത്രില്ലിനപ്പുറം അതിരുകൾ ഭേദിക്കുന്ന സൗഹൃദത്തിന്റെയും മാനവികതയുടെയും സ്പർശമാണ് ചിത്രത്തിന്റെ ആത്മാവ്.