പേര് ‘കസബ’ തന്നെ; ചിത്രങ്ങൾ കാണാം

മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ മകൻ നിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കസബ എന്നു തന്നെ പേര്. സിനിമയുടെ അണിയറപ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചു. കോളാറിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയായ സിനിമയുടെ അടുത്തഘട്ട ചിത്രീകരണം പഴനിയിലും എറണാകുളത്തും നടക്കും.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കസബ. കഥാപാത്രങ്ങൾക്ക് അനുസരിച്ച് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മെഗാതാരത്തിന്റെ പുതിയ ലുക്ക് സോഷ്യൽമീഡിയയിലും ആരാധകർക്കിടയിലും ചർച്ചയായി കഴിഞ്ഞു.

രാജൻ സക്കറിയ എന്ന എസ്ഐ ആയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് കേരള കർണാടക അതിർത്തിയിൽ എത്തിച്ചേരുന്ന ഒരു സാധാ സബ്ഇൻസ്പെക്ടർ. അവിടെ അയാൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് സിനിമയുടെ പ്രമേയം.

തമിഴ് സൂപ്പർതാരം ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയാണ് നായിക. സമ്പത്ത്, ജഗദീഷ്, നേഹ സക്സേന എന്നിവരാണ് പ്രധാനതാരങ്ങൾ. ചിത്രം ജൂലൈയിൽ റിലീസ് ചെയ്യും.