Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർതൃഭീഷണിയേറ്റു; ബൃന്ദ മുരളീധറിന്റെ ‘നോട്ട്-നോട്ട്’ ഇന്ന് തിയറ്ററിൽ

brinda

ഇന്തോ-കനേഡിയൻ സംവിധായിക ബൃന്ദ മുരളീധർ സംവിധാനം ചെയ്യുന്ന നോട്ട് നോട്ട്  (Knot Not!)  ഇംഗ്ളിഷ് സിനിമയുടെ പ്രിമീയർഷോ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ടൊറന്റോയ്ക്ക് സമീപം ബ്രാംപ്ടണിലെ സിനിപ്ളെക്സിൽ നടക്കും. ‘നോട്ട് നോട്ടി’ലെ അഭിനേതാക്കളുമായി പ്രേക്ഷകർക്ക് ഇടപഴകാൻ അവസരമുണ്ടാകും. ചിരിക്കാനും ചിന്തിക്കാനും വഴിയൊരുക്കുന്ന യഥാർഥ ജീവിതത്തിലെ ഒട്ടേറെ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ബൃന്ദയും കൂട്ടരും ചിത്രം ഒരുക്കിയിരിക്കുന്നത്. മൈസൂറിൽനിന്നുള്ള സിനിമാകുടുംബാംഗമായ ബൃന്ദയുടെ ബിഗ്സ്ക്രീനിലെ പ്രഥമസംരംഭമാണ്. 

ദക്ഷിണേന്ത്യയിൽനിന്നു കാനഡയിൽ പഠിക്കാനെത്തുന്ന മോഹൻ, കാനഡക്കാരിയായ പട്രീഷ്യ സ്മിത്തുമായി ചങ്ങാത്തത്തിലാകുന്നതും പിന്നീട് ഇവിടെയെത്തുന്ന മാതാപിതാക്കൾ കുടുംബസുഹൃത്തിന്റെ മകൾ ലക്ഷ്മിയെ വിവാഹം കഴിക്കാൻ മോഹനെ നിർബന്ധിക്കുമായും ബന്ധപ്പെട്ടാണ് കഥ. ഇന്ത്യൻ-കനേഡിയൻ ജീവിതസംസ്കാരങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങൾ പ്രമേയമാക്കുന്ന സിനിമയിൽ കാനഡയിൽനിന്നുള്ള അഭിനേതാക്കളാണ് ഏറെയും. ഗ്രേറ്റർ ടൊറന്റോ ഏരിയ (ജിടിഎ)യിലായിരുന്നു ഷൂട്ടിങ്ങിൽ ഏറിയപങ്കും.  

knot

കാൽനൂറ്റാണ്ടോളമായി കലാരംഗത്തുള്ള ബൃന്ദ കന്നഡയിലും ഹിന്ദിയിലും ഇംഗ്ളിഷിലുമായി പതിനാലോളം നാടകങ്ങൾ ഒരുക്കിയിട്ടുണ്ട്. കലാരംഗ പെർഫോമിങ് ആർട്സിന്റെ സഹസ്ഥാപകയും ഡയറക്ടറുമാണ്. പിതാവ് എഴുത്തുകാരനും സംവിധായകനുമായിരുന്നു. അമ്മാവൻ പ്രമുഖ സിനിമാ-നാടക നടനും നിർമാതാവുമായിരുന്നു. സ്വന്തം പ്രസ്ഥാനമായ വൺകാനഡ മീഡിയ ക്രിയേഷൻസിലൂടെ കൂടുതൽ സിനിമാ, ഡോക്യുമെന്ററി, ടിവി ഷോകൾ, നാടകങ്ങൾ എന്നിവയും ലക്ഷ്യമിടുന്നു. 

ജീവിതസഖാവ് കൂടിയായ ഗണ്ണി മുരളീധറാണ് ഛായാഗ്രാഹകൻ. ഒരു സിനിമ ചെയ്യാനുള്ള കഴിവുണ്ടായിട്ടും അതു ചെയ്തില്ലെങ്കിൽ വിവാഹം ജീവിതം ഇവിടെ അവസാനിക്കുമെന്ന പ്രിയതമന്റെ ഭീഷണിയാണ് നോട്ട് നോട്ട് എന്ന ചലച്ചിത്രസംരംഭത്തിനു ബൃന്ദയ്ക്ക് പ്രചോദനമായത്. ഹൃസ്വചലച്ചിത്രമായാണ് ആദ്യം വിഭാവനം ചെയ്തിരുന്നത്. സംസാരങ്ങളിലുടെയും ചർച്ചകളിലൂടെയും ആ ചെറിയ സ്വപ്നം ഒടുവിൽ ബിഗ്സ്ക്രീനിലേക്കു മാറുകയായിരുന്നു. തിയറ്ററിൽ എത്തുന്ന പ്രേക്ഷകരെ സംതൃപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു നല്ല സിനിമയ്ക്കുവേണ്ട എല്ലാ ചേരുവകളും നോട്ട് നോട്ടിലുണ്ടെന്ന് ബൃന്ദ ഉറപ്പുനൽകുന്നു. 

ദിലീപ് കൃഷ്ണമൂർത്തിയാണ് മോഹൻറെ വേഷം അവതരിപ്പിക്കുന്നത്. ജെസിക്ക സെയ്നറാണ് പട്രീഷ്യ. ലക്ഷ്മിയായി സ്ക്രീനിൽ നിറയുക സുനിതി സന്തോഷും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.