എത്തി പുലിമുരുകൻ ട്രെയിലർ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമായ പുലിമുരുകന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകപ്രതീക്ഷകളെ വാനോളം ഉയർത്തുന്നതാണ് ട്രെയിലറിലെ രംഗങ്ങൾ. ‘ഒപ്പം’ തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ തന്നെ പുലിമുരുകൻ ട്രെയിലർ‌ എത്തുന്നത് ആരാധകർക്ക് ഇരട്ടി ആവേശമായി.

മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് പുലിമുരുകൻ എത്തുന്നത്. അതീവരഹസ്യമായി ചിത്രീകരണം നടത്തിയ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പോലും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നില്ല. സിനിമയുടെ പോസ്റ്ററുകളും ആരാധകരിൽ ആവേശം നിറച്ചിട്ടുണ്ട്. 

വൈശാഖ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 7–നാണ്. സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ സംഘട്ടന സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ പുള്ളിപ്പുലിയുമായുള്ള സംഘട്ടനരംഗങ്ങളും ലാലിന്റെ വേറിട്ട ഗെറ്റപ്പും ഇതിനോടകം തന്നെ ഏറെ ചര്‍ച്ചയായി കഴിഞ്ഞു.