എതിരാളികളില്ലാതെ സന്തോഷ് പണ്ഡിറ്റിന്റെ ടിന്റുമോൻ തിയറ്ററുകളിൽ

ഈ വാരം മലയാളത്തില്‍ നിന്ന് ശ്രദ്ധേയ റിലീസുകളില്ല. സന്തോഷ് പണ്ഡിറ്റിന്റെ ടിന്റുമോൻ എന്ന കോടീശ്വരനാണ് മലയാളത്തിൽ നിന്ന് ഇന്ന് റിലീസിനെത്തുന്ന ഏകചിത്രം. അമിതാഭ് ബച്ചന്‍ നായകനായ തീന്‍, മിയയുടെ തമിഴ് ചിത്രം ഒരു നാള്‍ കൂത്ത് എന്നിവ ഉള്‍പ്പെടെ നാല് മറുഭാഷ ചിത്രങ്ങളും തീയേറ്ററുകളില്‍ എത്തി. കണ്‍ജറിങ് 2 ആണ് ഹോളിവുഡ് റിലീസ്.

േദശീയ പുരസ്കാരം സ്വന്തമാക്കിയ പിക്കുവിനും നിരുപകര്‍ വാഴ്ത്തിയ വസീറിനും ശേഷം മികവുറ്റ ഒരു സിനിമയുമായി അമിതാഭ് ബച്ചന്‍ എത്തുകയാണ്. തീന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രില്ലര്‍ കഥയാണ് പറയുന്നത്.അമിതാഭ് ബച്ചനൊപ്പം വിദ്യാബാലന്‍,നവാസുദ്ദീര്‍ സിദ്ധിഖി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.റീബു ദാസ് ഗുപ്തയാണ് സംവിധാനം.

രണ്‍ദീപ് ഹുഡ,കാജല്‍ അഗര്‍വാള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ദോ ലഫ്സോന്‍ കി കഹാനിയാണ് ബോളിവുഡില്‍ നിന്ന് തീയേറ്ററുകളില്‍ എത്തിയ മറ്റൊരു ചിത്രം. പ്രണയത്തിന് പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

തീയേറ്ററുകളില്‍‍‍ ചലച്ചിത്ര പ്രേമികളെ ഞെട്ടിച്ച കണ്‍ജറിങിന്‍റെ രണ്ടാം ഭാഗമാണ് ഹോളിവുഡ് റിലീസ്. ജെയിംസ് വാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യ പതിപ്പിലെ താരങ്ങള്‍ തന്നെ കഥാപാത്രങ്ങളാകുന്നു.

മലയാളത്തില്‍ നായികയായി തിളങ്ങിയ മിയയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഒരു നാള്‍ കൂത്ത്. ദിനേശാണ് നായകന്‍.സംവിധാനം നെല്‍സണ്‍.