Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുത്തമ്മാ... പരീകുട്ടിയുടെ ഈ വിളി കേട്ട് തുടങ്ങിയിട്ട് 50 വർഷം

50 years of chemmeen

മലയാള സിനിമാചരിത്രത്തിലെ ഇതിഹാസമായ ചെമ്മീന്‍ ഇന്ന് അന്‍പതു വയസ്സ് തികയുന്നു. അരയസമൂഹത്തിന്‍റെ ഒരുകാലഘട്ടം കലാപരമായി ആവിഷ്കരിച്ച ചെമ്മീന്‍ സിനിമാവിദ്യാര്‍ഥികളുടെ പാഠപുസ്തകമാണ് ഇന്നും. പുതുമതേടുന്ന എഴുത്തുകാരുടെയും സാങ്കേതിക വിദഗ്ധരുടെയും അപൂര്‍വസംഗമത്തിന്‍റെ പരിണാമം കൂടിയാണ് ഈ സിനിമ.

വയലാര്‍ രാമവര്‍മയുടെ വരികളില്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ഏറ്റവും പ്രശസ്ത നോവല്‍ പറയുന്ന തത്വശാസ്ത്രം മുഴുവനുമുണ്ട്. സലീല്‍ ചൗധരി ഈണമിട്ട ഈ ഗാനം ചെമ്മീനിന്‍റെ പ്രധാനസവിശേഷതയാണ്. . കഥ കാഴ്ചയായ അല്‍ഭുത പരിണാമം 1965 ഒാഗസ്റ്റ് 19 നാണ് ചെമ്മീന്‍ സിനിമാരൂപത്തിലായത്. ഒരുകൂട്ടം പ്രതിഭാധനരുടെ സാഹസികതയുടെ വിജയദിനം കൂടിയാണത്. 1956 ല്‍ പ്രസിദ്ധീകരിച്ച ചെമ്മീന്‍ എന്ന അതിപ്രശസ്ത നോവല്‍ സിനിമയാക്കുക ഒട്ടും എളുപ്പമായിരുന്നില്ല. കറുത്തമ്മയും പരീക്കുട്ടിയും പളനിയും ചെമ്പന്‍കുഞ്ഞുമൊക്കെ ജനങ്ങളുടെ മനസ്സില്‍ വരച്ചിട്ട ലോകം വേറൊരുമാധ്യമത്തില്‍ ആവിഷ്കരിച്ചാല്‍ അത് എത്രത്തോളം സ്വീകാര്യമാകുമെന്ന് ഭയക്കുന്നത് സ്വാഭാവികം.

50 years of chemmeen

നാട്ടുവിശ്വാസവും ഐതിഹ്യവും പ്രണയവും ഒക്കെ ഉള്‍ച്ചേര്‍ത്ത് തകഴി സൃഷ്ടിച്ച ഭാവതലം കാഴ്ചാനുഭവമാക്കിയതിന് പിന്നില്‍ രാമുകാര്യാട്ട് എന്ന സംവിധായകന്‍റെ കയ്യടക്കം എടുത്തുപറയേണ്ടതാണ് നല്ലൊരു ടീമിനെത്തന്നെ രാമുകാര്യാട്ട് ഒപ്പം കൂട്ടിയതിനുകാരണവും മറ്റൊന്നല്ല. വര്‍ഷം 30 ല്‍ താഴെമാത്രം ചിത്രങ്ങളിറങ്ങിയിരുന്ന 60 കാലത്ത് കാശുവാരിയെറിഞ്ഞ് നിര്‍മിച്ച ചിത്രം. 61 ല്‍ പുറത്തിറങ്ങിയ കണ്ടംബച്ച കോട്ട് എന്ന ആദ്യകളര്‍ ചിത്രത്തിന് ശേഷം മയാള സിനിമാലോകെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് സംക്രമിക്കുന്ന കാലം. മാര്‍ക്കസ് ബട് ലി എന്ന മികച്ച ഛായാഗ്രാഹകനാണ് യു. രാജഗോപാലിനൊപ്പം ദൃശ്യം പകര്‍ത്തിയത്. ചിത്രസന്നിവേശത്തിന് എത്തിയതാകട്ടെ സാക്ഷാല്‍ ഋഷികേശ് മുഖര്‍ജി. എല്ലാറ്റിനും മീതെ എസ്.എല്‍ പുരത്തിന്‍റെ തിരക്കഥയും സംഭാഷണവും, വയലാറിന്‍റെ ഗാനരചന, സലീല്‍ ചൗധരിയുട സംഗീതം, മന്നാഡേ വരെ ഉള്‍പ്പെട്ട ഗായകനിര ഇതൊക്കെയായിരുന്നു സിനിമയുടെ പ്രധാനശക്തി.

മനുഷ്യര്‍ക്കൊപ്പം കടലും , വിശ്വാസവും കഥാപാത്രങ്ങളായി മാറുന്നത് പ്രേക്ഷകര്‍ അല്‍ഭുതത്തോടെ കണ്ടിരുന്നു സാഹിത്യഅക്കാദമിയുടെ ആദ്യ അവാര്‍ഡ് നേടിയ ചെമ്മീനെന്ന നോവല്‍ സിനിമയായപ്പോള്‍ ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെന്നിന്ത്യന്‍ ചലച്ചിത്രമായി. തകഴിയുടെ തന്നെ രണ്ടിടങ്ങഴി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഏണിപ്പടികള്‍, നാലുപെണ്ണുങ്ങള്‍, ഒരുപെണ്ണും രണ്ടാണും തുടങ്ങിയ പ്രശസ്ത നോവലുകള്‍ സിനിമയായെങ്കിലും നോവലിന്‍റെ തന്നെ അതേ അതിപ്രശസ്തി ലഭിച്ച സിനിമയാണ് ചെമ്മീന്‍. മടുക്കാത്ത കാഴ്ചാനുഭവമാണ് ചെമ്മീന്‍ ഇന്നും.