Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിനയത്തിന്റെ പരുക്കൻ സൗന്ദര്യം

om-puri-collage

കാഴ്ചയിൽ പരുക്കനായിരുന്നു ഒാം പുരി. ലക്ഷണമൊത്ത ഒരു വില്ലൻ കഥാപാത്രത്തിന്റെ ഭാവവും സംസാരവും. പക്ഷേ ഉള്ളിൽ അദ്ദേഹം വെറും സാധുവായിരുന്നുവെന്നു അടുത്തറിയാവുന്നവർ പറയും. കുട്ടികളുടെ മനസ്സുള്ള അപ്പൂപ്പൻ എന്നാണ് സംവിധായകൻ പ്രിയദർശൻ അദ്ദേഹത്തെ വിളിച്ചിരുന്നത്. സൗന്ദര്യം മാത്രമല്ല കഴിവും കരിയറിന്റെ മനാദണ്ഡമാണെന്ന് ബോളിവുഡിനു മനസ്സിലാക്കി കൊടുത്ത പലരിൽ ഒരാൾ ഒാം പുരിയാണ്.

പല ഭാഷകളിലായി 100–ാളം സിനിമകളിൽ വിവിധ രൂപങ്ങളിൽ പല കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. നാടകവേദിയിൽ നിന്ന് സിനിമയിലെത്തി സിനിമയുടെ ഗ്ലാമറിനും പണക്കിലുക്കത്തിനും മേലെ അഭിനയത്തിനു പ്രാധാന്യം കൊടുത്ത നടൻ. ഒന്നിടവിട്ട വർഷങ്ങളിൽ‌ രണ്ടു ദേശീയ അവാർഡുകളും പത്മശ്രീ ഉൾപ്പടെയുള്ള മറ്റനവധി പുരസ്കാരങ്ങളും തേടിയെത്തിയ അതുല്യ പ്രതിഭ. 

ഹരിയാന മുതൽ ഹോളിവുഡ് വരെ

ഹരിയാനയിലെ അംബാലയിൽ ജനിച്ച ഒാംപുരി പൂണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്.  പിന്നീട്ട് നാഷനൽ സ്കൂൾ ഒാഫ് ഡ്രാമയിൽ ചേർന്ന അദ്ദേഹം 1976–ലാണ് ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ഗാഷിറാം കൊട്വാൽ എന്ന മറാത്തി ചിത്രമായിരുന്നു ആദ്യ സിനിമ. കൃത്യം ആറു വർഷങ്ങൾക്കു ശേഷം ആരോഹൺ എന്ന ചിത്രത്തിലെ അഭിനയ‌ത്തിന് 1982–ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. പിന്നീട് 1984–ൽ അർധ് സത്യ എന്ന ചിത്രത്തിലെ അഭിനയത്തിന് അടുത്ത ദേശീയ പുരസ്കാരവും തേടിയെത്തി. നായകനടന്മാർ മാത്രം വിലസിയിരുന്ന ഹിന്ദി സിനിമയിൽ അമരീഷ് പുരിക്കും നസറുദീൻ ഷായ്ക്കും ഒപ്പം ഒാം പുരിയും തന്റേതായ ഇടം തീർത്തു. 

om-puri-collage1

കലഹിച്ചു സ്നേഹിച്ച കൂട്ടുകാർ

ഒാം പുരിയും നസറുദീൻ ഷായും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് ഡൽഹിയിലെ നാഷനൽ സ്കൂൾ ഒാഫ് ഡ്രാമയിൽ വച്ചാണ്. 1973–ൽ ഇരുവരും ഒന്നിച്ചാണ് അഭിനയത്തിന്റെ ബാലപാഠങ്ങൾ അവിടെ നിന്നും പഠിക്കുന്നത്. പിന്നീടങ്ങോട്ട് വെള്ളിത്തിരയ്ക്ക് പുറത്തും അകത്തും ഉറ്റ ചങ്ങാതിമാരായി മാറി ഇരുവരും. കലഹിച്ച് സ്നേഹിച്ച ഇരുവരും അഭിനയത്തിന്റെ കാര്യത്തിൽ  പരസ്പരം മൽസരിച്ചിരുന്നുവെന്ന് ഇവരുടെ സിനിമകൾ തന്നെ വ്യക്തമാക്കും. ഇരുവരും ഒന്നിച്ച് ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നസറുദീൻ ഷാ മൂന്നു തവണ ദേശീയ അവാർഡ് നേടിയപ്പോൾ ഒാം പുരി രണ്ടു തവണ അതേ നേട്ടം സ്വന്തമാക്കി. ഒാം പുരിക്ക് ദേശീയ അവാർഡ് ലഭിച്ച അർധ് സത്യ എന്ന ചിത്രത്തിൽ മറ്റൊരു പ്രമുഖ കഥാപാത്രമായി നസറുദീൻ ഷായുണ്ടായിരുന്നു. സ്പാർഷ്, പാർ എന്നിങ്ങനെ രണ്ടു സിനിമകളിലെ അഭിനയത്തിന് 1979–ലും 1984–ലും നസറുദീൻ ഷാ ദേശീയ അവാർഡ് നേടിയപ്പോൾ ഇരു ചിത്രങ്ങളിലും കൂട്ടുകാരനൊപ്പം ഒാംപുരിയും പ്രധാന വേഷത്തിലഭിനയിച്ചിരുന്നു. 

ഹോളിവുഡിന്റെ ബോളിവുഡ് മുഖം, തിരിച്ചും

ഹോളിവുഡ് സിനിമയുടെ ഒരു കാലത്തെ ബോളിവുഡ് മുഖമായിരുന്നു ഒാം പുരി. വേണമെങ്കിൽ തിരിച്ചും പറയാം. ഹോളിവുഡും ബോളിവുഡും രണ്ടറ്റത്തു കിടന്നിരുന്ന അക്കാലത്ത് ഇന്ത്യയിൽ നിന്ന് അവിടെ പോയി ഒട്ടേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.  സിറ്റി ഒാഫ് ജോയ്, വോൾഫ്, ഗോസ്റ്റ് ആൻഡ് ഡാർക്ക്നെസ്സ്, മൈ സൺ ദ ഫനറ്റിക്ക്, ഇൗസ്റ്റ് ഇൗസ് ഇൗസ്റ്റ് തുടങ്ങി അനവധി ഇംഗ്ലീഷ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ചാർലി വിൽസൺസ് വാർ എന്ന ചിത്രത്തിൽ പാക്കിസ്ഥാൻ‌ പ്രസിഡന്റിന്റെ വേഷത്തിലാണ് അദ്ദേഹം എത്തിയത്. ഹോളിവുഡിലെ അതികായരായ ടോം ഹാങ്ക്സ്, ജൂലിയാ റോബർ‌ട്സ് എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹം ആ സിനിമയിൽ അഭിനയിച്ചത്. റിച്ചാർഡ് ആറ്റെൻബെറോയുടെ ഗാന്ധിയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

വാ വിട്ട വാക്കുകൾ വിനയായപ്പോൾ‌ 

കാര്യങ്ങൾ‌ ആരോടായാലും വെട്ടിത്തുറന്നു പറയുന്ന ശീലക്കാരനായിരുന്നു ഒാം പുരി. പിന്നീട് തെറ്റായിപ്പോയി എന്നു തോന്നിയാൽ അതിനെ ന്യായീകരിക്കാൻ നിൽക്കാതെ കുറ്റം സമ്മതിച്ച് ഒരു മടിയും കൂടാതെ മാപ്പു പറയാനും അദ്ദേഹം ഒരുക്കമായിരുന്നു. 

പാക്കിസ്ഥാനിൽ നിന്നുള്ള കലാകാരന്മാരെ അകമഴിഞ്ഞ് പിന്തുണച്ച പുരി ഇന്ത്യ അടുത്തിടെ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ വിമർശിച്ചത് വിവാദമായിരുന്നു. വീരമൃത്യു വരിച്ച ഒരു ജവാനെക്കുറിച്ച് ടി വി ചർച്ചയിൽ ചോദിച്ചപ്പോൾ ആരോട് ചോദിച്ചിട്ടാണ് അയാൾ പട്ടാളത്തിൽ പോയത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം ? തുടർന്ന് അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തു. പിന്നീട് താൻ പറഞ്ഞത് മാപ്പർഹിക്കാത്ത തെറ്റാണെന്നും തന്നെ ശിക്ഷിക്കണമെന്നും ഒാം പുരി പറഞ്ഞു.  

നക്സലുകൾ തീവ്രവാദികളല്ലെന്നും അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുന്നവരാണെന്നും പുരി പറഞ്ഞിരുന്നു. ഇറച്ചി കയറ്റുമതി ചെയ്ത് കാശുണ്ടാക്കുന്ന ഇരട്ടത്താപ്പുകാരാണ് ഗോവധത്തെ എതിർക്കുന്നവരെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞു.  1993–ൽ മാധ്യമപ്രവർത്തകയായ നന്ദിതയെ ഒാം പുരി വിവാഹം ചെയ്തു. 2013–ൽ ഇരുവരും തമ്മിൽ പിരിയുകയും ചെയ്തു. നന്ദിത പിന്നീട് ഒാം പുരിയെക്കുറിച്ച് വിവാദപരാമർശങ്ങൾ നിറഞ്ഞ പുസക്തമെഴുതി. വ്യക്തിപരമായി അദ്ദേഹത്തെ അവഹേളിക്കുന്ന ഒട്ടേറെ ഭാഗങ്ങൾ പുസ്തകത്തിലുണ്ടായിരുന്നെങ്കിലും ഒന്നിനോടും പ്രതികരിക്കാൻ ഒാം പുരി തയ്യാറായില്ല. 

പരുക്കൻ മുഖവും ശബ്ദവും വിസ്മൃതിയിലാക്കി ‌ഒട്ടേറെ സിനിമകളും കഥാപാത്രങ്ങളും ബാക്കി വച്ച് 66–ാം വയസ്സിൽ ഒാം പുരി പടിയിറങ്ങുമ്പോൾ ബോളിവുഡിന് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് മുഴുവൻ അതൊരു കനത്ത നഷ്ടമായിരിക്കും. 

Your Rating: