Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണീരിന്റെ പെരുമഴക്കാലം

shahid-razak

ടി. എ റസാഖും ടി.എ ഷാഹിദും. കോഴിക്കോടൻ മണ്ണിന്റെ സ്നേഹവും ആഴവുമുള്ള കഥകൾ മലയാള സിനിമയ്ക്കു വേണ്ടി എഴുതിത്തരുവാൻ ഇനി ഇവർ രണ്ടാളുമില്ല. ആദ്യം ഷാഹിദ് പിന്നാലെയിപ്പോൾ ചേട്ടനും. ഓർമകളുടെ ഒരു പെരുമഴക്കാലം ചങ്ങാതിമാർക്കും വായനയിലൂടെ അറിഞ്ഞവർക്കും സിനിമകളിലൂടെ പ്രിയപ്പെട്ടവരായവർക്കും സമ്മാനിച്ച് ഇരുവരും ഓർമകളിലേക്കു മടങ്ങിപ്പോയി. മിഠായിത്തെരുവിലെ കുപ്പിഭരണികളിലിരുന്നു ചിരിക്കുന്ന നാരങ്ങമിഠായിയുടേതു പോലുള്ള സിനിമകളായിരുന്നു ഷാഹിദിന്റേതെങ്കിൽ കല്ലായിക്കടവത്ത് പെയ്തിറങ്ങിയ രാമഴയുടെ ഭാവമായിരുന്നു റസാഖിന്റെ രചനകൾക്ക്. അതുപോലെ തന്നെയായി പോയി ആ ജീവിതവും.

കാലത്തിന്റെ നന്മകളെ ചിരികളെ ചിന്തയെ കള്ളചെയ്തികളെ തീർത്തും ബാലിശമെന്നു തോന്നിയേക്കാവുന്ന മനുഷ്യ വികാരങ്ങളെ കുറിച്ചെല്ലാം കഥകൾ പറഞ്ഞു തന്ന എഴുത്തുകാരനായിരുന്നു റസാഖ്. സിനിമയ്ക്കു വേണ്ടി ടി എ റസാഖ് ചെയ്ത ഓരോ കാര്യങ്ങളും എന്നെന്നും മനസിൽ തങ്ങി നില്‍ക്കുന്നുവെന്നതു തന്നെയാണ് ആ എഴുത്തിന്റെ വലിപ്പവും നന്മയും. സിനിമയുടെ ആഘോഷക്കാഴ്ചകളിലൊരിടത്തും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. വലിയ ചർച്ചകളിലും വാഗ്വാദങ്ങളിലുമൊന്നും എത്തിയിരുന്നുമില്ല. പക്ഷേ കോഴിക്കോട്ടേക്ക് വണ്ടി കയറുമ്പോൾ അവിടെയത്തി സുലൈമാനികള്‍ നുണയുമ്പോൾ കാണുവാൻ, വർത്തമാനം പറയുവാൻ നമ്മൾ ആഗ്രഹിക്കുന്ന കോഴിക്കോടുകാരനിലൊരാളും അദ്ദേഹ തന്നെ.

പെരുമഴക്കാലമാണ് ടി എ റസാഖിനെ നമ്മുടെ ചിന്തകളിലേക്ക് ആദ്യം കൊണ്ടുവരുന്നതെങ്കിലും ധ്വനിയിൽ തുടങ്ങിയ സിനിമാ ജീവിതത്തില്‍ ഒരു വലിയ ഘോഷയാത്ര തന്നെയുണ്ടായിരുന്നു. വിഷ്ണു ലോകം, ഘോഷയാത്ര, നാടോടി, ഗസൽ, കാണാക്കിനാവ്, സ്നേഹം, ആയിരത്തിൽ ഒരുവൻ, ഭൂമിഗീതം തുടങ്ങി എത്രയോ ചിത്രങ്ങൾക്കു കഥകളും സംഭാഷണങ്ങളും തിരക്കഥയുമൊക്കെ റസാഖിലൂടെയെത്തിയിരിക്കുന്നു. എഴുത്തിൽ സൗമ്യ സാന്നിധ്യമെന്നു തോന്നുമെങ്കിലും റസാഖിനുള്ളിലുണ്ടായിരുന്നു ഒരു വിപ്ലവകാരി. ഗസലിലൂടെയും പെരുമഴക്കാലത്തിലൂടെയും തുറന്നിട്ടത് ആ വീക്ഷണത്തെയാണ്. അതു രണ്ടും മലയാള ചലച്ചിത്രത്തിനു മറക്കാനാകാത്ത ഏടുകളുമായി.

വഴിയരികിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന ജീവിതങ്ങളെ, അവരുടെ നന്മയെ, വ്യവസ്ഥാപിത ചട്ടക്കൂടുകളുടെ ചൂടിൽ ചുട്ടുപൊള്ളിയ ജീവിതങ്ങളെ സ്നേഹത്തിലലിഞ്ഞിലില്ലാതായി തീർന്ന മനുഷ്യബന്ധങ്ങളെ സ്വപ്നങ്ങളെ അങ്ങനെ സിനിമ കാണാതെ പോകുന്ന കാഴ്ചകളെ വർത്തമാനങ്ങളെ നന്മയെ കുറിച്ചിട്ട എഴുത്തുകാരിൽ ഒരാൾ കൂടിയാണ് കടന്നുപോകുന്നത്. വിരസതയോ ബുദ്ധിജീവിത്തരത്തിന്റെ അതിപ്രസരതയോ ഇല്ലാതെ കാണാക്കാഴ്ചകളിലേക്കു മനസിലെ ഫ്രെയിമുകളെ നയിച്ച എഴുത്തുകാരൻ. ഓരോ യാത്രകളിലും സ്നേഹത്തോടെ കൂടെക്കൂട്ടുന്ന ഒരു പുസ്തകത്തിനോടെന്ന പോലുള്ള അടുപ്പം അദ്ദേഹത്തിന്റെ സിനിമകളോടും മലയാളികള്‍ക്കു തോന്നിയത് അതുകൊണ്ടാണ്. ആ സിനിമകൾ കണ്ടപ്പോൾ തോന്നിയ വിങ്ങലിനു മേൽ തീരാനോവായി ഈ വിടവാങ്ങലും കോറിയിടപ്പെടുന്നതും അതുകൊണ്ടു തന്നെ... 

Your Rating: