Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേവിഡേട്ടാ...കിങ് ഫിഷറിണ്ടാ??? ചില്‍ഡ്???

നാരങ്ങാവെള്ളം കാച്ചാന്‍ ഇനി കാസിനോയിലെ 'ശരഭി ബാറില്ല. തൂവാനത്തുമ്പികള്‍ സിനിമയിലെ ബാര്‍ സീനിലൂടെ ശ്രദ്ധേയമായ കാസിനോ ഹോട്ടലിലെ 'ശരഭി ബാറും ഇനി ഓര്‍മ. സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമായാണ് ഈ ബാര്‍ അടച്ചത്.

വര്‍ഷം 1987. കത്തിയെരിയുന്ന മീനച്ചൂടില്‍ തൃശൂര്‍ നഗരം എരിയുന്നു. അമ്മയ്ക്ക് സൂപ്പുവയ്ക്കാനുള്ള ആട്ടുംതല വാങ്ങാന്‍ നാട്ടിന്‍പുറത്തുനിന്നു നഗരത്തിലെത്തിയ ജയകൃഷ്ണന്‍ നാരങ്ങാവെള്ളം കഴിക്കാന്‍ കയറിയത് നഗരത്തിലെ പ്രശസ്തമായ ബാറില്‍. 'ഒരു നാരങ്ങാവെള്ളം അങ്ങ്ട് കാച്ചിയാലോ കേരളത്തിലെ സിനിമ ആസ്വാദകര്‍ ഒരിക്കലും മറക്കാത്ത ചോദ്യം- ഇതിനപ്പുറം ഒരു ബാര്‍ സീനും ജയകൃഷ്ണന്‍ എന്ന കഥാപാത്രവും ആയിരിക്കും എല്ലാവരുടെയും മനസിലേക്കോടിയെത്തുക. ജയകൃഷ്ണന്റെ ചോദ്യവും അതിന് വേദിയൊരുക്കിയ ശക്തന്‍ സ്റ്റാന്‍ഡിനു പരിസരത്തെ കാസിനോ ബാറും ഈ സിനിമ കണ്ടവര്‍ക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അത്രയ്ക്ക് മനോഹരമാണ് ഇതിലെ ബാര്‍ സീന്‍.

Thoovanathumbikal Malayalam Movie

സിനിമാതാരമെന്ന നിലയില്‍ സാംസ്കാരിക നഗരത്തിന്റെ ഭാഗമായിരുന്ന ഈ ബാര്‍ ഇനി തൃശൂരിന് ഗൃഹാതുരത്വമുള്ള ഓര്‍മ. കേരളത്തില്‍ ബാറുകള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ ബാര്‍ ഓര്‍മയായിരിക്കുകയാണ്. നഗരത്തില്‍ ഇനിയാര്‍ക്കും ജയകൃഷ്ണനെ പോലെ നാരങ്ങാവെള്ളം കഴിക്കാന്‍ ബാറില്‍ കയറാന്‍ കഴിയില്ല. പത്മരാജന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍-സുമലത താരജോടികള്‍

അഭിനയിച്ച തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി ഈ ബാര്‍ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ കാസിനോ ഹോട്ടലും ബാറും തലകാട്ടി. തൂവാനത്തുമ്പികള്‍ ഹിറ്റായതോടെ സാംസ്കാരിക നഗരത്തിലെത്തുന്ന കലാ സ്നേഹികളുടെ 'സങ്കേതമായി ബാര്‍ മാറി. ഇതോടെ സിനിമയിലെ ബാര്‍ സീനില്‍ അഭിനയിച്ച തമ്പി എന്ന ഡേവിഡും ബാറിലെ സ്റ്റാറായി. ഇവിടെ എത്തുന്നവര്‍ക്ക് മദ്യത്തോടൊപ്പം ചെറുപുഞ്ചിരിയും സമ്മാനിച്ച് ഒാടി നടന്ന തമ്പി കഴിഞ്ഞ വര്‍ഷമാണ് 'ശരഭി ബാറിലെ ജീവിതം അവസാനിപ്പിച്ച് കാല്‍ നൂറ്റാണ്ടിന്റെ ബാര്‍ ഓര്‍മകളും മനസില്‍ പേറി പടിയിറങ്ങിയത്.

ബാറിന്റെ അവസാന പ്രവൃത്തി ദിവസമായിരുന്ന ചൊവ്വാഴ്ച ഓര്‍മകള്‍ പങ്കിടാനും നാരങ്ങാവെള്ളം കാച്ചാനുമായി തൂവാനത്തുമ്പിയുടെ നാട്ടിലെ ജീവിതങ്ങളുടെ തിരക്കായിരുന്നു. ജില്ലയിലെ 40 ബാറുകളാണ് ഇന്നലെ സര്‍ക്കാരിന്റെ മദ്യനയം കോടതി അംഗീകരിച്ചതിനെത്തുടര്‍ന്ന് പൂട്ടിയത്. ഇതോടെ കേരളത്തിലെ ബാറില്ലാത്ത ആറു ജില്ലകളില്‍ ഒന്നായി തൃശൂരും സ്ഥാനം പിടിച്ചു. ബാറില്‍നിന്ന് നാരങ്ങാവെള്ളം കാച്ചാനുള്ള ജയകൃഷ്ണന്‍മാരുടെ ആഗ്രഹവും ഇതൊടൊപ്പം പടിയിറങ്ങുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.