തൃശൂര് ബാഷ ചതിക്കില്ല്യാട്ടാ...

തൃശൂർ സ്വരാജ് റൗണ്ടിൽ ആകെ അടി, ഇടി, പൊടിപൂരം. സ്ഥലംമാറി വന്ന തിരുവനന്തപുരത്തുകാരൻ എസ്ഐ രാജമാർത്താണ്ഡത്തിന്റെ ആദ്യത്തെ കേസ്. നല്ല തിര്വോന്തോരം സ്ലാങ്ങിൽ നിലവിളി ശബ്ദവുമിട്ട് പൊലീസ് ജീപ്പ് സ്ഥലത്തേക്ക് പാഞ്ഞു.

എന്തരടേ, ആരടേയ്.. എന്നൊക്കെ മീശ വിറപ്പിച്ച് മാർത്താണ്ഡം ജീപ്പിൽ നിന്ന് ഒരൊറ്റച്ചാട്ടമായിരുന്നു. ആദ്യം കണ്ണിൽപ്പെട്ടവനെത്തന്നെ കഴുത്തിനു പിടിച്ചു പൊക്കി.‘എന്തരപ്പീ ഇവടെ പ്രശ്നങ്ങള്...?

പിടിയിൽപ്പെട്ട മനുഷ്യൻ മാർത്താണ്ഡത്തെ ദയനീയമായൊന്നു നോക്കി. എന്നിട്ട് നല്ല തൃശൂർ സ്ലാങ്ങിലൊരു കാച്ചാങ്ങട് കാച്ചി, അതും ഒറ്റ ശ്വാസത്തിൽ—ആഗഡീഗഡ്യാകട്യേയ്...മാർത്താണ്ഡത്തിന്റെ മീശ വിറച്ചു, മുഖം ചുവന്നു. കൊടുത്തു കുനിച്ചു നിർത്തി കൂമ്പിനൊരിടി.‘ആളെ കളിയാക്കുന്നോടാ അഴ്ക്കപ്പയലേ..

തന്റെ ഭാഷയെ കളിയാക്കിയതാണെന്ന ധാരണയിലായിരുന്നു മാർത്താണ്ഡത്തിന്റെ ആ ഇടിപ്രയോഗം. അപ്പോഴേക്കും പിസിഒ വാറുണ്ണിച്ചേട്ടൻ ഓടി വന്നു— ‘എന്റെ സാറേ, അവനിവിടെ നടന്ന സംഭവം പറഞ്ഞതല്ലേ..?

‘ഓഹോ, തനിക്കു കാര്യം മനസ്സിലായോ..? തനിത്തൃശൂരുകാരനായ വാറുണ്ണിച്ചേട്ടൻ തലയാട്ടി. എന്നിട്ട് ആൾക്കൂട്ടത്തിലെ രണ്ടുപേരെ ചൂണ്ടിക്കാട്ടി പറഞ്ഞു. ആ നിക്കണ ഗഡീം, ഈ നിക്കണ ഗഡീം കൂടി ആകെ അടിയായെന്നാണ് കക്ഷി പറഞ്ഞത്. തൃശൂക്കാരന്റെ സ്റ്റൈലീപ്പറഞ്ഞപ്പോ ആ ഗഡീഗഡ്യാകട്യായ് എന്നായിപ്പോയതാ..

അതാണ് തൃശൂര് ഭാഷ അഥവാ ബാഷ. തൃശൂർക്കാർക്ക് എല്ലാവരും ഗഡികളാ, അല്പം കൂടി സ്നേഹം വന്നാൽ ഇഷ്ടനാകും സ്നേഹത്തിന്റെ കൂടെ അല്പം ദേഷ്യം കൂടിയാവുമ്പോഴോ ആള് ശവിയാകും. ആള് കുട്ടിയാണെങ്കിൽ ഡാ ക്ടാവേ എന്നാകും വിളി. ഒരുത്തൻ മരിച്ചു കിടക്കുന്നത് കണ്ടാൽപ്പോലും ആള് ദേ ഇപ്പോ പടായിട്ടേയുള്ളൂ..എന്നും പറഞ്ഞ് സെന്റിമെന്റ്സ് സീനിനെ മൊത്തം കോമഡിയാക്കുന്ന ടീമോളാണ് തൃശൂരിലേത്. മലയാളസിനിമയ്ക്കാകട്ടെ ‘തൃശൂര് ബാഷ ഭാഗ്യം തരുന്ന ഭാഷയാണ്. അതുകൊണ്ടുതന്നെ തൃശൂർ ഭാഷ വിഷയമായിട്ടുള്ള സകല സിനിമകളും വിജയിച്ച ചരിത്രമേയുള്ളൂ. അങ്ങ് പത്മരാജൻ കാലത്തെ തൂവാനത്തുമ്പികൾ മുതൽ ഇന്ന് സപ്തമശ്രീ തസ്കരാ: വരെ.

ഏത് ജില്ലയിലാണെങ്കിലും ഒരു ബാറിനു മുന്നിലെത്തിയാൽ ‘നമുക്കോരോ നാരങ്ങാ വെള്ളങ്ങട് പൂശ്യാലോ..? എന്നു ചോദിക്കാത്ത ഏത് ഗഡ്യാ കേരളത്തിലുള്ളത്. പ്രത്യേകിച്ച് ബാറുകളൊക്കെ പടായിപ്പോയിത്തുടങ്ങിയ ഈ കാലത്ത്. തൂവാനത്തുമ്പികൾക്കു ശേഷം ഓരോ സിനിമയിലും വല്ല പലിശക്കാരനോ ക്വട്ടേഷൻകാരനോ തൃശൂർ ഭാഷ പറഞ്ഞാൽപറഞ്ഞു എന്ന അവസ്ഥയായിരുന്നു. സിനിമാഫീൽഡില് തൃശൂര് ബാഷയങ്ങിനെ പരമദാരിദ്യ്രത്തീക്കഴിയുമ്പോഴാണ് രക്ഷപ്പെടുത്താനായി പുണ്യാളനെത്തന്നെ കൂട്ടി പ്രാഞ്ച്യേട്ടന്റെ വരവ്. മോഹൻലാലിന്റെ ജയകൃഷ്ണനു പിറകെ തൃശൂക്കാർ രണ്ട് കയ്യും നീട്ടിയല്ലേ മമ്മൂക്കയുടെ പ്രാഞ്ച്യേട്ടനെ സ്വീകരിച്ചത്. സിനിമയാണെങ്കിലോ അങ്കട് മേപ്പോട്ടാ പോയി..സൂപ്പർ ഹിറ്റ്. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ‘തൃശൂർബാഷാമൂവി എന്ന പേരും കിട്ടി പ്രാഞ്ച്യേട്ടന്.

പൂരങ്ങളുടെ ഈ പൂരങ്ങളുടെ...മാറ്റുവിൻ ചട്ടുകങ്ങളെ അല്ലെങ്കി അത് നിങ്ങളെ മറിച്ചിടും...എന്നു വിയർത്ത അരിപ്രാഞ്ച്യേട്ടനെ മലയാളി ഈയടുത്തൊന്നും മറക്കാനിടയില്ലാലോ.

അതും കഴിഞ്ഞ് ഡി കമ്പനി എന്ന മൂന്നു സിനിമകളുള്ള പാക്കേജിൽ ഒരെണ്ണം തൃശൂർ ഭാഷ പറഞ്ഞു വന്നു. ഗ്യാങ്സ് ഓഫ് വടക്കുന്നാഥൻ എന്ന സിനിമ. അതിൽ മൊത്തം ഇടിയും വെട്ടും തെറിവിളിയുമായിരുന്നു. തൃശൂക്കാരൻ കോമഡി പറയുന്നത് കേൾക്കാനേ രസമുള്ളൂവെന്ന് ഉറപ്പിച്ചു കൊണ്ട് പ്രേക്ഷകൻ വടക്കുന്നാഥന്റെ ഗുണ്ടകളെ തിയേറ്ററിൽ നിന്ന് പെട്ടെന്നു തന്നെ ഓടിച്ചു വിട്ടു. പിന്നെ ആനപ്പിണ്ടത്തിൽ നിന്ന് ചന്ദനത്തിരിയുണ്ടാക്കുന്ന വിദ്യയുമായി പുണ്യാളൻ അഗർബത്തീസ് വരേണ്ടി വന്നു തൃശൂര് ബാഷ സിനിമയ്ക്ക് തിരികെത്തരാൻ. തൃശൂരിന്റെ സ്വന്തം ഇന്നസെന്റും ജയരാജ് വാര്യരും ശ്രീജിത്ത് രവിയും ടി.ജി.രവിയും രചനയും ഇടവേളബാബുവും അങ്ങിനെ പ്രാഞ്ച്യേട്ടനു ശേഷം സർവം തൃശൂർമയമായൊരു സിനിമ. കൂട്ടത്തിൽ എറണാകുളത്തു നിന്ന് വണ്ടി കയറി ജയസൂര്യയും കോട്ടയത്തു നിന്ന് അജു വർഗീസും തൃശൂര് ടൗണിൽ വന്നിറങ്ങി നല്ല മണി മണി പോലെ തൃശൂർ സ്ലാങ്ങിലുള്ള കാച്ചും തുടങ്ങി. ചെറിയൊരു ഇടവേളയ്ക്കു ശേഷം ഒരു കംപ്ലീറ്റ് തൃശൂർ സിനിമയായി ഇപ്പോൾ സപ്തമശ്രീ തസ്കരാ:യും.

ആധാറില്ലെങ്കി ഒന്നും നടക്കില്ലാന്നാണ് സർക്കാര് പറയണത്..പക്ഷേ ചന്ദ്രൻ നല്ല ഈസ്യായിട്ടാ നടക്കൂട്ടാ..എന്നും പറഞ്ഞു വരുന്ന കുടിയനിൽ നിന്നു തുടങ്ങുന്നു സപ്തമശ്രീയിലെ തൃശൂർപ്പൂരം. കഥാപാത്രങ്ങൾ സീരിയസായി സംസാരിച്ചാൽപ്പോലും ചിരിച്ച് മദം പൊട്ടിപ്പോകുന്ന അവസ്ഥ. ഇത്തവണ തൃശൂര് ഭാഷ മാത്രമല്ല, പുലിക്കളീം, ബ്ലേഡ് കമ്പനീം, എന്തിന് തൃശൂക്കാരന്റെ സ്വന്തം സിക്സ് പാക്ക് ‘കട്ട വരെ സ്ക്രീനിലുണ്ട്.

സിനിമ കണ്ടിറങ്ങുന്നവരെല്ലാം ഒറ്റശ്വാസത്തിൽ പറയുന്നു— ഏഴ് ഗഡികളും തകർത്തൂട്ടാ..ആ ചെറ്യാ ഡാവില്ലേ (നമ്മടെ നാരായണൻകുട്ടി) യെന്തൂട്ടാ അവന്റൊരു ബോഡി..പിന്നെമ്മടെ ചെക്കൻ(അത് പൃഥ്വിരാജിനെയാണ്) അവനും പൊരിച്ചൂട്ടാ.. എന്തായാലും സപ്തമശ്രീയും വിജയക്കുതിപ്പിൽ മേപ്പോട്ടേയ്ക്കാ പോക്ക്.

ഇനിയിപ്പോ പൽമശ്രീ പ്രാഞ്ച്യേട്ടൻ ഒരിക്കൽ പറഞ്ഞതൊന്നു മാറ്റിപ്പിടിച്ചാൽ ഇങ്ങിനെപ്പറയാം— തൃശൂക്കാരന്റെ ബാഷേം നല്ല അക്രമ സ്രാവായിട്ട്ള്ളൊരു സംവിധായകനും ഉണ്ടെങ്കി ആരെ വേണമെങ്കിലും തീ....ശെ, അതല്ല. തീയേറ്ററില് കയറ്റാമെന്ന്.