Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലോസപ് ഷോട്ടിൽ ഞാൻ കണ്ടു, ലാലിന്റെ കണ്ണിലെ തിളക്കം: സദയം ക്ലൈമാക്സിനെപ്പറ്റി സിബി മലയിൽ

mohanlal-sadayam-movie

നെഞ്ചിലൊരു നീറ്റൽ ബാക്കിയാക്കി അവസാനിച്ചു പോകുന്ന സിനിമകളുണ്ട്. എത്ര തവണ കണ്ടാലും ക്ലൈമാക്സിലെത്തുമ്പോൾ ഉള്ളിലൊരു പിടച്ചിൽ അനുഭവിപ്പിക്കുന്ന സിനിമകൾ. എം.ടിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത 'സദയം' അത്തരത്തിലുള്ള ഒരു അനുഭവമാണ് ചലച്ചിത്രപ്രേമികൾക്ക് സമ്മാനിച്ചത്. സിനിമയുടെ അവസാന മുപ്പതു മിനിറ്റ് കാഴ്ചക്കാരുടെ ഉള്ളുലച്ചു കളയും. മോഹൻലാൽ എന്ന അത്ഭുതപ്രതിഭയുടെ വിസ്മയകരമായ പകർന്നാട്ടമാണ് സിനിമ അവസാനിക്കുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ശേഷിക്കുക. അഭിനയിക്കാൻ പറഞ്ഞാൽ ഇങ്ങനെ ജീവിച്ച് കരയിപ്പിക്കരുതെന്ന് ഏറ്റവും പുതിയ തലമുറയിലെ പ്രേക്ഷകർ വരെ പറഞ്ഞു പോകും. മോഹൻലാൽ എന്ന നടനെ എന്തുകൊണ്ട് വിസ്മയം എന്ന വാക്കിൽ അടയാളപ്പെടുത്തുന്നു എന്നതിന് മറുപടിയാണ് സദയം. 

'ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ലാലിന്റെ കണ്ണിൽ പ്രത്യേക തിളക്കം ഉണ്ടായിരുന്നു. ഒരു നനവിന്റെ തിളക്കം. ശരിക്കും ഭ്രാന്തിന്റെ അവസ്ഥയിലൂടെ കടന്നുപോകുന്നവരിൽ കാണാറുള്ള തിളക്കമാണ് ലാലിന്റെ കണ്ണിലും കണ്ടത്,' സിബി മലയിൽ സദയത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം ഓർത്തെടുത്തു. 

സത്യനാഥന്റെ മാനറിസങ്ങൾ

നാലു രാത്രികൾ തുടർച്ചയായാണ് ആ സീക്വൻസ് ഷൂട്ട് ചെയ്തത്. രംഗങ്ങളുടെ ഓർഡറിൽ തന്നെയായിരുന്നു ചിത്രീകരണം. ആ രംഗങ്ങളിലെ വികാരങ്ങളുടെ തുടർച്ച മുറിയാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തത്. രണ്ടു കുഞ്ഞുങ്ങളെ കൊല്ലുന്ന സീക്വൻസാണ് ചിത്രീകരിക്കേണ്ടത്. ഭ്രാന്തിന്റെ ഒരു തലത്തിൽ നിന്നുകൊണ്ടാണ് അയാളത് ചെയ്യുന്നത്. ഭ്രാന്തിന്റെ അവസ്ഥ കാണിക്കാൻ എന്തെങ്കിലും മാനറിസം ഉപയോഗിക്കണമായിരുന്നു. ചവയ്ക്കുന്ന പോലെ കാണിക്കുക എന്നതായിരുന്നു ഒരു സാധ്യത. കിരീടത്തിന്റെ ക്ലൈമാക്സ് രംഗത്തിലും ഇതുപോലെ ഒരു മാനറിസം ഉപയോഗിച്ചിരുന്നു. ലാലിന്റെ ആശയം ആയിരുന്നു അത്. സദയത്തിന്റെ ഷൂട്ടിങ് സമയത്ത് ഞാൻ അക്കാര്യം ഓർമപ്പെടുത്തി. അതിന്റെയൊരു ചെറിയ അംശം അല്ലെങ്കിൽ ആ ഒരു ഫീൽ ഈ രംഗത്തിലും കൊടുത്തു.   

ലാലിന്റെ കണ്ണിലെ തിളക്കം 

കുട്ടികളെ കൊല്ലുന്ന സീക്വൻസ് എത്തുമ്പോഴേക്കും മോഹൻലാലിന്റെ കണ്ണിൽ ഒരു വല്ലാത്ത തിളക്കം വരുന്നുണ്ട്. അത് ഗ്ലിസറിനൊന്നും ഇട്ടിട്ട് വന്നതല്ല. ഷോട്ടിന് വേണ്ടി ക്ലോസപ് വച്ച് നോക്കുമ്പോൾ ലാലിന്റെ കണ്ണിൽ നനവ് പോലൊരു തിളക്കം. ഞാൻ അത്ഭുതപ്പെട്ടു പോയി. മാനസിക അസ്വാസ്ഥ്യമുള്ള രോഗികൾക്ക് ഇത്തരത്തിൽ കണ്ണിലൊരു നനവ് ഉണ്ടാകാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് അവർക്ക് സ്ഥിരമായിട്ട് ഉണ്ടാകാറുണ്ട്. അതൊക്കെ മോഹൻലാലിൽ സ്വാഭാവികമായി വന്നു. 

Mohanlal Best Perfomance

ഒരു നടന്റെ പൂർണതയിൽ നിന്നുണ്ടാകുന്ന പരിണിതഫലമാണ് അത്തരത്തിലുള്ള ഭാവങ്ങൾ. അതാണ് മോഹൻലാൽ എന്ന നടനെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിറുത്തുന്നത്. നമുക്ക് അറിയാത്ത ചില ഘടകങ്ങൾ അഭിനയത്തിലേക്ക് കൊണ്ടു വരുന്ന ഒരു നടൻ. അത് ചെയ്യുമ്പോൾ അയാൾ പോലും ഇത് അറിയുന്നുണ്ടോ എന്ന് എനിക്കറിയില്ല. ബോൺ ആക്ടറിന്റെ സിദ്ധിയാണ് അത്. ആ സീക്വൻസിൽ നിന്നാണ് ചിത്രത്തിന്റെ ക്ലൈമാക്സിലേക്കുള്ള 30 മിനിറ്റ് തുടങ്ങുന്നത്.

ശബ്ദവും നിശബ്ദതയും

മരണ വാറണ്ട് വരുന്നതു മുതൽ തൂക്കുമരണം സംഭവിക്കുന്നത് വരെയുള്ള സൗണ്ട് ട്രാക്ക് ശ്രദ്ധിച്ചാൽ ഒരു ക്ലോക്കിന്റെ ടിക് ടിക് ശബ്ദം തുടർച്ചയായി കൊടുക്കുന്നുണ്ട്. അത് നിന്നിട്ടേയില്ല. അവസാനത്തെ മുപ്പതു മിനിറ്റോളം ക്ലോക്കിന്റെ ടിക് ശബ്ദം കൊടുത്തിട്ടുണ്ട്. അതൊരു കൗണ്ട് ഡൗൺ ആണ്. ഇയാളുടെ ജീവിതത്തിന്റെ കൗണ്ട് ഡൗൺ എന്ന രീതിയിൽ കൊടുത്തതാണ്. പ്രേക്ഷകർ അത് ശ്രദ്ധിക്കണമെന്നില്ല. പക്ഷേ, അങ്ങനെയൊരു സൗണ്ട് ട്രാക്ക് സീക്വൻസിൽ ഉടനീളം നൽകിയിട്ടുണ്ട്. സമയം അടുത്തുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം കഥാപാത്രത്തിന്റെ മനസ്സിലുണ്ട്. ജോൺസൺ മാഷായിരുന്നു ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. അതിന് അദ്ദേഹത്തിന് ആ വർഷത്തെ ദേശീയ പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പശ്ചാത്തല സംഗീതത്തിലൊന്നാണ് സദയത്തിലേത്. ഏറ്റവും സെൻസിബിൾ ആയി ശബ്ദവും നിശബ്ദതയും സദയത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

SADAYAM(സദയം) | Malayalam Movie

പ്രേക്ഷകർക്ക് ലാലിന്റെ മരണം സ്വീകാര്യമായിരുന്നില്ല 

വാണിജ്യപരമായി ചിത്രം വിജയിച്ചില്ല. മോഹൻലാൽ മരിക്കുന്നു എന്നുള്ളത് സാധാരണക്കാരായ ആരാധകർക്ക് സ്വീകാര്യമായിരുന്നില്ല. അവർ അവസാന നിമിഷത്തിൽ എന്തെങ്കിലും ഒരു രക്ഷപ്പെടുത്തൽ സംഭവിക്കും എന്ന് പ്രതീക്ഷിച്ചു. കഥാപാത്രത്തിനപ്പുറം താരത്തെ സ്നേഹിക്കുന്ന ആരാധക  മനസ്സിന്റെ ചിന്തയാണ്. വലിയൊരു ആരാധകവൃന്ദമുള്ള ഒരു നടനെ വച്ച് ഇങ്ങനെയൊരു സിനിമ ചെയ്യുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന പ്രതികരണം. 

ആ കഥയുടെ സ്വാഭാവികമായ പരിസമാപ്തി സത്യനാഥന്റെ മരണത്തിലാണ്. കാരണം അയാൾ തൂക്കുകയറിൽ നിന്ന് രക്ഷപ്പെട്ടാൽ അത് സിനിമാറ്റിക് ആകും. ഇടവേളയിൽ അങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടാകുന്നുണ്ട്. വീണ്ടും ജീവിതത്തിലേക്ക് സത്യനാഥനെ തിരികെ കൊണ്ടു വന്നാൽ അതൊരു ക്ലീഷെ ക്ലൈമാക്സ് ആകുമായിരുന്നു. ആദ്യം മുതലെ ചിത്രത്തിന്റെ ക്ലൈമാക്സിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. അതെപ്പറ്റി യാതൊരു ചർച്ചയും നടന്നിരുന്നില്ല.

ചെയ്യാനിരുന്നത് വേറൊരു സിനിമ

സദയം എന്ന ചിത്രം വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. അതൊരു ഭാഗ്യമായിരുന്നു. എം.ടി. സാറിനൊപ്പം ചെയ്യാനിരുന്നത് വേറൊരു ചിത്രമായിരുന്നു. ജൂലിയസ് സീസർ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു മൾട്ടി സ്റ്റാർ ചിത്രം. വലിയൊരു പ്രൊജക്ട് ആയിരുന്നു അത്. എഴുതുന്നതിന് മുൻപു വരെയുള്ള കാര്യങ്ങളും ലൊക്കേഷൻ വരെയും തീരുമാനിച്ചു. എന്നാൽ ആ കാലത്ത് അങ്ങനെയൊരു മൾട്ടി സ്റ്റാർ ചിത്രം എങ്ങനെ മാർക്കറ്റ് ചെയ്യാൻ സാധിക്കും എന്നൊരു സംശയം വന്നു. കേരളത്തിൽ മാത്രമായി അതിന് മാർക്കറ്റ് ഉണ്ടാകുമോ എന്നതായിരുന്നു ഞങ്ങൾക്കു മുന്നിലെ ചോദ്യം. അങ്ങനെ ആ പ്രൊജക്ട് വേണ്ടെന്നു വയ്ക്കുകയായിരുന്നു. അങ്ങനെയാണ് തൽക്കാലം ചെറിയ ബജറ്റിൽ ചെയ്യാവുന്ന സിനിമയെക്കുറിച്ച് ആലോചിച്ചത്.

പരിഭ്രമത്തോടെയാണ് അതേറ്റെടുത്തത്

എം.ടി. സാറിന്റെ തിരക്കഥ പരിഭ്രമത്തോടെയാണ് ഞാൻ ഏറ്റെടുത്തത്. അതിനുള്ള പ്രാപ്തിയായോ എന്നൊക്കെ ചിന്തിച്ചു. ഇതിഹാസതുല്യനായ ഒരു എഴുത്തുകാരന്റെ തിരക്കഥയെ ദൃശ്യവത്ക്കരിക്കാനുള്ള ആളായി ഞാൻ വളർന്നിട്ടുണ്ടോ എന്ന ചിന്ത മനസ്സിലൂടെ കടന്നു പോയി. എന്റെ പരമാവധി ഇൻപുട്ട് ഞാൻ അതിനു നൽകി. ഇപ്പോൾ ആലോചിക്കുമ്പോഴും എന്റെ കരിയറിലെ ഏറ്റവും നല്ല സിനിമയായി ഞാൻ കണക്കാക്കുന്നതും സദയം ആണ്. 

എം.ടി. സർ വന്നു ഷൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത ഭാഗങ്ങളും കാണുമ്പോൾ ഞാൻ വലിയ ടെൻഷനിൽ ആയിരുന്നു. അദ്ദേഹത്തോടൊപ്പം സിനിമ കാണുമ്പോൾ ആ ഭയപ്പാട് ഞാൻ അനുഭവിച്ചിരുന്നു. അദ്ദേഹം നെഗറ്റീവ് ഒന്നും പറഞ്ഞില്ല. അതു തന്നെയായിരുന്നു എന്റെ ആശ്വാസം. അദ്ദേഹം എഴുതിയതിനേക്കാൾ കൂടുതൽ ചെയ്തുപോയോ എന്ന ടെൻഷൻ എന്നിലുണ്ടായിരുന്നു. പ്രത്യേകിച്ചും ക്ലൈമാക്സിലെ സീക്വൻസിൽ. അദ്ദേഹത്തിന് ദേശീയ പുരസ്കാരവും ചിത്രത്തിലൂടെ ലഭിച്ചു.  

മോഹൻലാലിന്റെ ആവേശം

ഞാനെന്ന സംവിധായകനെക്കാളും മുകളിലാണ് എം.ടി. വാസുദേവൻ നായർ എന്ന എഴുത്തുകാരൻ. ലാൽ ആയാലും ഞാൻ ആയാലും വളരെ ജൂനിയർ ആയിട്ടുള്ള ആളുകളാണ്. അദ്ദേഹത്തിന്റെ കഥകളും സിനിമകളുമൊക്കെ കണ്ട് വളർന്നവരാണ്. അദ്ദേഹം ഉൾക്കൊണ്ട ഒരു കാര്യത്തിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ല. മോഹൻലാൽ ആ ഒരു ആവേശത്തിൽ തന്നെയാണ് ആ കഥാപാത്രത്തെ ഉൾക്കൊണ്ടത്. അദ്ദേഹം വലിയ ആവേശത്തിലായിരുന്നു. അക്കാലത്ത് ലാൽ ചെയ്തുകൊണ്ടിരുന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ വേഷം ചെയ്യാൻ പറ്റുന്ന ഒരു അവസരമായിരുന്നു സദയത്തിലൂടെ ലഭിച്ചത്. 

ലഭിക്കാതെ പോയ പുരസ്കാരം

സദയത്തിലെ അഭിനയത്തിന് അവാർഡ് കിട്ടാതെ പോയതിനെക്കുറിച്ച് ഒരുകാലത്തും ലാലിന് ആശങ്കയുണ്ടായിരുന്നിട്ടില്ല. ആ സിനിമ ഇറങ്ങിയ സമയത്ത് ഞങ്ങൾ കമലദളത്തിന്റെ ഷൂട്ടിങിൽ ആയിരുന്നു. ഷൊർണൂർ ആയിരുന്നു ഞങ്ങളുണ്ടായിരുന്നത്. രാത്രിയിൽ തൃശ്ശൂരിൽ ചിത്രം കണ്ടിട്ട് ആന്റണി പെരുമ്പാവൂർ ഞങ്ങളുടെ അടുത്തെത്തി. ആന്റണി പറഞ്ഞത്, 'പടം നന്നായിട്ടുണ്ട് സർ, കുഴപ്പമില്ല' എന്നാണ്. അത് പൂർണ തൃപ്തിയുള്ള മറുപടി ആയിരുന്നില്ല. 

ചിത്രം വാണിജ്യപരമായി വിജയിക്കാൻ സാധ്യത ഇല്ലെന്ന സൂചന നേരത്തെ ഞങ്ങൾക്കു ലഭിച്ചിരുന്നു. ഞാൻ മൂഡ് ഓഫ് ആയി. അപ്പോൾ ലാൽ പറഞ്ഞു, 'നമുക്ക് ചെയ്യാനുള്ളതൊക്കെ നമ്മൾ ചെയ്തില്ലേ, ബാക്കിയൊക്കെ പ്രേക്ഷകർ തീരുമാനിക്കട്ടെ!'. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകർ ഇപ്പോഴും സദയം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അതു തന്നെയാണ് ആ ചിത്രത്തിന്റെ വിജയം.