Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിരീടം 29 വർഷങ്ങൾ; ആകെ ചെലവ് 23 ലക്ഷം, മോഹൻലാലിന്റെ പ്രതിഫലം?

mohanlal-kireedam

മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടിയ ചിത്രമാണ് ലോഹിതദാസ്–സിബി മലയിൽ ടീമിന്റെ കിരീടം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങിലൊന്നായി സേതുമാധവന്‍ മാറി. ജൂലൈ 7 ,1989 ൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ റിലീസ് ചെയ്തിട്ട് 29 വർഷങ്ങൾ പിന്നിടുന്നു.

ഇതാ കിരീടം സിനിമയുടെ ചില വിശേഷങ്ങൾ

കൃപാ ഫിലിംസിന്റെ ബാനറില്‍ കിരീടം ഉണ്ണിയും ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിർമിച്ചത്. പൂര്‍ണ്ണമായും തലസ്ഥാനത്തായിരുന്നു കിരീടത്തിന്റെ ചിത്രീകരണം. 25 ദിവസം കൊണ്ട് കിരീടം പൂര്‍ത്തിയായി. ഇരുപത്തിമൂന്നര ലക്ഷം രൂപയായിരുന്നു ആകെ ചെലവ്. നാലര ലക്ഷം രൂപ പ്രതിഫലം പറ്റിയിരുന്ന മോഹൻലാല്‍ ഉണ്ണിയോടുള്ള സൗഹൃദം മൂലം നാല് ലക്ഷത്തിനാണ് ചിത്രത്തില്‍ അഭിനയിച്ചത്. 

Kireedam Malayalam Movie Scenes

തിരക്കഥ നാല് ദിവസം കൊണ്ട്

ലോഹിതദാസ് കിരീടത്തിന്റെ തിരക്കഥാരചന നിർവഹിച്ചത് വെറും നാലു ദിവസം കൊണ്ടാണ്. സംവിധായകൻ സിബി മലയിലിന്റെ കല്യാണത്തിന് പോകാൻ തനിക്ക് കഴിയില്ലല്ലോ എന്ന വിഷമം കാരണം, അത് ഒഴിവാക്കാതിരിക്കാനായി അദ്ദേഹം രാവും പകലും വിശ്രമമില്ലാതെ ഇരുന്നു തയാറാക്കിയതാണ് ‘കിരീടം’.

തിലകനെന്ന താരം

തിലകന്‍ ഓടി നടന്ന് അഭിനയിക്കുന്ന കാലമായിരുന്നു. വര്‍ണ്ണം, ചാണക്യന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയായിരുന്ന തിലകന്‍ സമയക്കുറവ് മൂലം അച്യതന്‍ നായരാകാന്‍ ആദ്യം വിസമ്മതിച്ചു. തിലകന്‍ ഇല്ലെങ്കില്‍ ചിത്രം മാറ്റിവയ്ക്കുമെന്ന കിരീടം ഉണ്ണിയുടെ വാശിക്ക് മുന്‍പില്‍ ഒടുവില്‍ തീരുമാനം മാറ്റി. ക്ലൈമാക്‌സിലെ 'കത്തി താഴെയിടടാ, മോനെ നിന്റെ അച്ഛനാടാ പറയുന്നേ' എന്ന രംഗം എടുത്തത് സൂര്യന്‍ അസ്തമിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു. വര്‍ണ്ണത്തിന്റെ സെറ്റില്‍ നിന്ന് തിലകനെ വിട്ട് കിട്ടാനുള്ള പാടായിരുന്നു കാരണം. 

ചിത്രീകരണം പൂർത്തിയായിട്ടും മോഹൻലാൽ വന്ന് അഭിനയിച്ചു

കിരീടത്തിന്റെ ചിത്രീകരണം മുഴുവൻ പൂർത്തിയായി കഴിഞ്ഞ് റിലീസ് അടുക്കുമ്പോഴാണ് സിബിമലയിൽ, മോഹൻലാലിന്റെ ഒരു ദിവസത്തെ ഡേറ്റ് കൂടി വേണമെന്ന് നിർമാതാക്കളോട് ആവശ്യപ്പെട്ടത്. നടക്കുന്ന കാര്യമല്ല എന്ന് അപ്പോൾ തന്നെ അവർ പറഞ്ഞു. എന്നാല്‍ മോഹൻലാലിനെ വെച്ച് ഒരു സീൻ കൂടി ഷൂട്ട് ചെയ്ത ശേഷമേ സിനിമ റിലീസ് ചെയ്യാൻ പറ്റു എന്ന് സിബിമലയിലും ഉറപ്പിച്ച് പറഞ്ഞു.

കിരീടം തകർത്തത് മോഹൻരാജിന്റെ ജീവിതം

എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുവരും കുഴങ്ങിയപ്പോൾ ഈ സംഭവം മോഹൻലാൽ അറിഞ്ഞു, സിബിമലയിനെ വിളിച്ച് എന്താ കാര്യമെന്ന് ചോദിച്ചു, ഒരു ദിവസം കൂടി ലാലിനെ കിട്ടിയേ പറ്റൂ എന്ന് സിബിമലയിൽ പറഞ്ഞു. അങ്ങനെ മോഹൻലാൽ വീണ്ടും വന്ന് അഭിനയിച്ചു. കണ്ണീർപൂവിന്റെ എന്ന പാട്ട് രംഗത്തിൽ സേതുമാധവൻ വിജനമായ പാതയിലൂടെ ഒറ്റയ്ക്ക് നടന്ന് പോകുന്ന ആ രംഗമാണ് സിബിമലയിൽ അങ്ങനെ ഷൂട്ട് ചെയ്തത്. 

കിരീടം എന്ന പേര്

ചിത്രത്തിന് ആദ്യം പേരിട്ടിട്ടില്ലായിരുന്നു. ചിത്രത്തിന്‍റെ രചന പുരോഗമിക്കുന്നതിനിടയില്‍ ഒരുനാള്‍, ലോഹിതദാസിനെ കാണാന്‍ സിബി മലയിൽ ഹോട്ടലില്‍ ചെന്നു. ലോഹി ആകെ വിഷമത്തിലിരിക്കുന്നു.  ഐ.വി ശശിയോടൊപ്പം ലോഹിതദാസ്  ചെയ്യുന്ന ആദ്യചിത്രത്തിന്‍റെ പേരിനെ ചൊല്ലി ഐ.വി ശശിയുമായി പിണങ്ങി നില്‍ക്കുകയാണ്. 

കിരീടം എന്ന പേരായിരുന്നു മമ്മൂട്ടി-റഹ്മാന്‍-ഐ .വി .ശശി ചിത്രത്തിന് ലോഹി നല്‍കിയത്. പക്ഷേ ഐ.വി ശശിക്ക് കിരീടം എന്ന പേര് ഇഷ്ടമായില്ല. പിന്നീട് മുക്തി എന്നായിരുന്നു ആ  ചിത്രത്തിന് പേരിട്ടത്. കിരീടം എന്ന പേര് കേട്ട സിബി അപ്പോൾ തന്നെ പറഞ്ഞു ‘ ഐ.വി ശശിക്ക് വേണ്ടെങ്കില്‍ വേണ്ട, നമ്മുടെ ചിത്രത്തിന് ഈ പേര് മതി’.