അത്ഭുതമായി ജയസൂര്യയുടെ മകൻ; ഞെട്ടിച്ചത് ദുൽഖറിനെ

അച്ഛനെ പോലെ തന്നെ മകനും പുലി തന്നെ. അച്ഛൻ അഭിനയത്തിലാണെങ്കിൽ മകൻ അതിലും ഒരുപടി മുന്നിൽ. അഭിനയത്തിലും സംവിധാനത്തിലും എഡിറ്റിങ്ങിലും ഇവൻ മിടുക്കൻ. പറഞ്ഞു വരുന്നത് ജയസൂര്യയുടെ മകൻ അദ്വൈതിനെ കുറിച്ചാണ്. ഈ പത്തു വയസു പ്രായത്തിനിടെ സ്വന്തമായി ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ് അദ്വൈത്. സംവിധാനം ചെയ്യുക മാത്രമല്ല, അതിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നതും ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും അദ്വൈത് തന്നെ.

ഗുഡ് ഡേ എന്നാണ് ഹ്രസ്വ ചിത്രത്തിന്റെ പേര്. ഉള്ളിൽ തട്ടുന്ന മനോഹര നിമിഷങ്ങളുള്ള ഹ്രസ്വ ചിത്രത്തിനു അഞ്ചു മിനിറ്റു ദൈർഘ്യമുണ്ട്. സൂപ്പർതാരം ദുൽഖർ സൽമാനാണ് അദ്വൈത്തിന്റെ ഹ്രസ്വ ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്‌തത്‌. ഏറെ നാളുകൾക്കു ശേഷം താൻ കണ്ട ഏറ്റവും മനോഹരമായ ഹ്രസ്വ ചിത്രമാണ് അദ്വൈത് ഒരുക്കിയ ഗുഡ് ഡേ എന്ന് ദുൽഖർ പറഞ്ഞു.
സ്‌കൂളിൽ പഠിക്കുമ്പോൾ താനും ഷോർട് ഫിലിംസ് ചെയാറുണ്ടായിരുന്നെന്നും അതിൽ നിന്നെല്ലാം ഉയർന്ന നിലവാരത്തിലുള്ള ചിത്രമാണ് അദ്വൈത്തിന്റേതെന്നും ദുൽഖർ പറഞ്ഞു. മരട് ഗ്രിഗോറിയൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് അദ്വൈത്.

മകനെ കുറച്ചു ജയസൂര്യ

അവൻ ജനിച്ചു വീണതേ സിനിമാ ലോകത്തേക്കാണ്. ഞാൻ കാണാത്തതും കേൾക്കാത്തതുമൊക്കെ കണ്ടും കേട്ടാണ് അവൻ വളരുന്നത്. അവന്റെ ലോകവും സിനിമ മാത്രമാണ്. റിലീസ് ആകുന്ന എല്ലാ ചിത്രങ്ങളും ഭാഷാഭേദമന്യേ പോയിക്കാണുകയെന്നതാണ് ഹോബി. അതുകൊണ്ട് അവനിങ്ങനൊന്നും ചെയ്യുന്നതിൽ എനിക്ക് അത്ഭുതമില്ല.

സിനിമാ ലോകത്താണെങ്കിലും മകൻ പഠിക്കാനും മിടുക്കനാണ്. അതൊരു ഭാഗ്യമായി കരുതുന്നു. അവന്റെ ലോകം സിനിമയാണ്. ഡയറക്ടർ ആകാനാണ് പോക്ക് എന്നാണ് തോന്നുന്നത്. അവൻ സിനിമയെടുത്തോട്ടെ അതെനിക്കും ഇഷ്ടം തന്നെ. പക്ഷേ നായകൻ ഞാനായാൽ മതിയായിരുന്നു ജയസൂര്യ പറഞ്ഞു. അങ്ങനൊന്നുമില്ല. അവൻ ഡയറക്ടർ ആകുന്നെങ്കിൽ നല്ല സിനിമകൾ എടുക്കട്ടെ അതാണ് എന്റെ ആഗ്രവും സന്തോഷവും.