‘കവി ഉദ്ദേശിച്ചത്’ ടീമിന്റെ കിടിലൻ ഹ്രസ്വചിത്രം; വിഡിയോ

ചുവരിലിരുന്ന് കറങ്ങുന്നൊരു ക്ലോക്കിനെ പോലെ‌യാണ് പല സ്ത്രീ ജീവിതങ്ങളും. തന്റെ ഇഷ്ടങ്ങളിലേക്കൊന്നു നോക്കുവാൻ പോലും സാധിക്കാതെ ഇങ്ങനെ ഓടിക്കൊണ്ടേയിരിക്കുന്നവർ. അങ്ങനെ കുട്ടികൾക്കും കുടുംബത്തിനും ജോലിക്കും വീട്ടുജോലിക്കുമിടയിൽ സ്വപ്നങ്ങൾ മറന്നു ജീവിക്കുന്ന പെൺജീവിതങ്ങളെ കുറിച്ചാണ് ഇന്ത്യൻ വുമൻ എന്ന ഹ്രസ്വചിത്രം ചർച്ച ചെയ്യുന്നത്.

ആസിഫ് അലി നായകനാകുന്ന കവി ഉദേശിച്ചത് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഈ കൊച്ചുചിത്രത്തിന് പിന്നില്‍. തോമസുകുട്ടി, മാർട്ടിൻ, ലിജു തോമസ് എന്നിവരുടേതാണ് കൺസപ്റ്റ്. സംഗീതം ജേക്സ് ബിജോയ്. സമൂഹമാധ്യമങ്ങളിലൂടെ പുതുമയുടെ തരംഗം സൃഷ്ടിച്ച ‘രമണിയേച്ചിയുടെ നാമത്തിൽ’ എന്ന ഹ്രസ്വചിത്രവും ഇവർ ഒരുമിച്ചാണ് ഒരുക്കിയത്.

ഏഴുമിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം ഒരു വീട്ടമ്മയുടെ നിത്യജീവിതത്തിലൂടെ കടന്നുപോകുന്നു. ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന ലിജുവും തോമസും ചേർന്നാണ് ആസിഫ് അലി ചിത്രമായ കവി ഉദ്ദേശിച്ചത് സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ മാർട്ടിന്റേതും.