കണ്ണാടിപ്പൊട്ട്; വിഡിയോ

കമല്‍ സംവിധാനം ചെയ്ത 'അഴകിയ രാവണനില്‍' "വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ" എന്നു തുടങ്ങുന്ന മനോഹരമായൊരു ഗാനമുണ്ട്. വേദനിക്കുന്ന കോടീശ്വരനായ ശങ്കര്‍ദാസ് എന്ന കുട്ടിശങ്കരന്‍ കളികൂട്ടുകാരന്‍ അംബുജാക്ഷനൊപ്പം ബാല്യകാല ഓര്‍മകള്‍ അയവിറക്കുന്നതാണ് സന്ദര്‍ഭം. കുട്ടി ശങ്കരന്‍ മാത്രമല്ല ദീപ്തമായ ബാല്യകാല സ്മരണകള്‍ ഹൃദയത്തോടൊപ്പം ചേര്‍ത്തുവെക്കുന്ന ഓരോ മലയാളിയും ആ പാട്ടിനൊപ്പം ഫ്‌ളാഷ്ബാക്കിലേക്ക് തോണി തുഴഞ്ഞവരാണ്.

കൈത്രപത്തിന്റെ ഓരോ വരികളും ഓരോ ഓര്‍മപ്പെടുത്തലുകളായി മാറി. കണ്ണിമാങ്ങ കടിച്ചും കണ്ണുപൊത്തികളിച്ചും മണ്ണപ്പം ചിട്ടു വിളമ്പിയും കാറ്റിനൊപ്പം പാദസ്വരം കിലുക്കിയും നമ്മളില്‍ പലരും ആ പാട്ടിനൊപ്പം ബാല്യത്തിലേക്ക് സഞ്ചരിച്ചു. കാന്‍ഡി ക്രഷ് കളിച്ചും കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് കണ്ടും വളരുന്ന പുതിയതലമുറയിലെ കുട്ടികള്‍ക്ക് നിര്‍ഭാഗ്യവശാല്‍ ഈ സൗഭാഗ്യങ്ങളൊന്നും ഇല്ലല്ലോഎന്ന സങ്കടം ബാക്കിയാകുന്നു.

ബാല്യകാല സ്മരണകളെ തലോലിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും "കണ്ണാടിപൊട്ട്" എന്ന ഹ്രസ്വചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം. ഒരു കണ്ണാടിപൊട്ടിലൂടെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കോര്‍ത്തിണക്കുയാണ് 17 മിനിട്ടു ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിലൂടെ സംവിധായകന്‍ സിറില്‍ സിറിയക്കും കൂട്ടുകാരും. നിയോ ഫിലിം സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന സിറിലിന്റെ ഡിപ്ലോമ പൂര്‍ത്തികരണത്തിന്റെ ഭാഗമായിട്ടാണ് ഈ ചിത്രം ഒരുക്കിയത്. നമുക്ക് പരിചിതമായ നാട്ടുവഴികളിലൂടെയാണ് അമിത് രാജ് ക്യാമറ ചലിപ്പിക്കുന്നത്.

ഒരു കണ്ണാടിപൊട്ടിന്റെ ഓരത്തിലൂടെ ബാല്യകാലസഖി ദേവികയെ തിരയുന്ന ആല്‍ഫിയുടെ കഥയാണിത്. ഇരുട്ടുവീണ, പ്രത്യക്ഷയറ്റു പോയ ഒരുവള്‍ക്ക് കണ്ണാടിപൊട്ടിന്റെ ഇത്തിരി വെട്ടം പ്രതീക്ഷയും പ്രത്യാശയുമാകുന്നതിന്റെ കഥ കൂടിയായി അത് പരിണമിക്കുമ്പോള്‍ ഈ ഹ്രസ്വചിത്രം ഒരു പോസ്റ്റീവ് മൂവിയായി മാറുന്നു. കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരുടെ വീക്ഷണകോണിലൂടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സംവിധായകന്‍ സിറില്‍ സിറിയക്കിന്റേതാണ് കഥ. സംഭാഷണങ്ങളും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സിറിലും ആന്റണി പോളും ചേര്‍ന്നാണ്. ആഷിശ് ജോസഫ് ചിത്രസംയോജനവും അന്‍ഫിന്‍ ജോസ് മാര്‍ട്ടിന്‍ കലാസംവിധാനവും ഷൈന്‍ പുളിക്കല്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീധില്‍ മാധവ്, വേദിക രാജേഷ്, വസുന്ധര എന്നീ കുട്ടി താരങ്ങള്‍ക്കൊപ്പം സൈമണ്‍ ജോര്‍ജ്, ഷാഹിദ ഷെയ്ക്ക്, ദിനേശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.