പൃഥ്വിയോട് ജയസൂര്യ, ‘ഇവന്റെ നമ്പര്‍ ചോദിച്ച് വിളിക്കേണ്ട’; വിക്കിയെ കാണണം

പത്തുമിനിറ്റോളം ഒരു നായയ്ക്ക് പ്രേക്ഷകനെ പിടിച്ചിരുത്താൻ സാധിക്കുന്നെങ്കിൽ അതൊരു വലിയ കാര്യമല്ലേ? വിക്കി എന്ന ഹ്രസ്വചിത്രത്തിൽ നായയാണ് ഹീറോ. അവന്റെ നോട്ടവും കൊതിയും സങ്കടവും നന്മയുമെല്ലാം സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിലൂടെ.

ഹോളിവുഡിലെ ഹാച്ചിക്കോയെപ്പോലെയാണ് മലയാളത്തിന്റെ വിക്കി എന്നു പറയാം. ഹാച്ചിക്കോ ഒരു നായ്ക്കുട്ടിയായിരുന്നു. ഹാച്ചിക്കോയുടെ കഥ പറഞ്ഞ രണ്ട് സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഒന്ന് 1987 ല്‍ ഇറങ്ങിയ ഹാച്ചിക്കോ എന്ന ചലച്ചിത്രം. വീണ്ടും അത് പുനര്‍നിർമിച്ച് ലാസ്സി ഹാള്‍സ്റോമിന്റെ സംവിധാനത്തില്‍ 2009 ല്‍ പുറത്തിറങ്ങിയ ഹാച്ചി: എ ഡോഗ്സ് ടെയില്‍ എന്ന ചിത്രവും മറക്കാനാകാത്ത ആവിഷ്കാരങ്ങളാണ്.

ലിജു സംവിധാനം ചെയ്ത രമണിയേച്ചിയുടെ നാമത്തിൽ എന്ന ഹ്വസ്വചിത്രവും മേയ്ക്കിങിന്റെ വ്യത്യസ്തയിലാണ് ശ്രദ്ധനേടിയത്. വിക്കിയിൽ നായ മാത്രമാണ് പ്രധാനകഥാപാത്രം. അവന്റെ കാഴ്ചപ്പാടിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നതും. സ്വാതന്ത്ര്യദിനത്തില്‍ യൂട്യൂബില്‍ പുറത്തിറക്കിയ ഹ്രസ്വചിത്രം സ്വാതന്ത്ര്യത്തെ തന്നെയാണ് നിർവചിക്കുന്നതും.

എഡിറ്ററായ മനു ആന്റണിയാണ് പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ രചനയും സംവിധാനവും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത്. മലയാള സിനിമാലോകത്തേക്ക് മറ്റൊരു പ്രതിഭയുടെ കടന്നുവരവിന് കൂടി ഈ ചിത്രം വഴിയൊരുക്കുന്നു. ജയേഷ് മോഹന്‍ ക്യാമറയും സുഷിന്‍ ശ്യാം സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

സോഷ്യൽമീഡിയയിൽ ഇതിനോടകം ചിത്രം ശ്രദ്ധനേടി കഴിഞ്ഞു. ജയസൂര്യ അടക്കമുള്ള സിനിമാപ്രവർത്തകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. ഹ്രസ്വചിത്രം ഷെയര്‍ ചെയ്ത് കൊണ്ട് ജയസൂര്യ കുറിച്ചതിങ്ങനെ. ‘പ്രേതത്തിന്റെ സ്‌പോട്ട് എഡിറ്റര്‍ ആയ മനു ആന്റണി സംവിധാനം ചെയ്ത ഒരു ഗംഭീര േഷാര്‍ട്ട് ഫിലിം. കാണാതെ പോകരുത്. പൃഥിരാജിന്റെ പ്രത്യേക ശ്രദ്ധയ്ക്ക്, ഇവന്റെ നമ്പറും ചോദിച്ച് നീ വിളിക്കണ്ട.. ഇവന്റെ അടുത്ത പടത്തില്‍ ഞാനാണ് നായകന്‍’.