ഒളിച്ചോടി, ചിത്രം എങ്ങനെ ചോർന്നെന്ന് അറിയില്ല: സമാന്ത

സിനിമാതാരങ്ങളോട് അമിതമായ ആരാധന തോന്നുന്നവർ നിരവധിപേരുണ്ട്. ചിലർ അവരുടെ ഇഷ്ടതാരങ്ങളുടെ പേരുകളോ ചിത്രമോ പച്ചകുത്തും മറ്റ് ചിലർ ആരാധനമൂത്ത് പുറകെ നടക്കും. എന്നാൽ ഇന്റർനെറ്റ് ലോകത്ത് ഫോട്ടോഷോപ്പ് ചെയ്താണ് ചില വിദ്വാന്മാർ ആരാധന തീർക്കുന്നത്.

ഫോട്ടോഷോപ്പിലെ ചില കരവിരുതുകള്‍ കണ്ടാൽ ചിരി നിർത്താൻ സാധിക്കില്ല. അങ്ങനെയൊരു ആരാധകനെ സമാന്ത ഈയിടെ കണ്ടെത്തുകയുണ്ടായി. ആരാധനമൂത്ത് സമാന്തയെ വിവാഹം ചെയ്യുന്നൊരു ചിത്രമാണ് ഇയാൾ ഫോട്ടോഷോപ്പിൽ ചെയ്തത്. സമാന്തയുടെ വിവാഹഫോട്ടോയിൽ നിന്ന് ഭര്‍ത്താവ് നാഗചൈതന്യയെ വെട്ടിമാറ്റി സ്വന്തം ചിത്രം അതോടൊപ്പം ചേർക്കുകയായിരുന്നു.

ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ചിലര്‍ അത് സമാന്തയുടെ ശ്രദ്ധയില്‍പെടുത്തി. ആരാധകന്റെ കലാവിരുത് കണ്ട് സമാന്തയ്ക്ക് ചിരി നിർത്താനായില്ല. 

ഈ ചിത്രം പങ്കുവച്ച് സമാന്ത കുറിച്ചത് ഇങ്ങനെ–‘കഴിഞ്ഞ ആഴ്ച ഒളിച്ചോടി. ചിത്രം എങ്ങനെ ചോര്‍ന്നുവെന്ന് അറിഞ്ഞൂടാ. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു.’