അവരെന്നെ ആക്രമിച്ചു; രൺവീറിനും ദീപികയ്ക്കുമെതിരെ ആരാധിക

ഫ്ലോറിഡയിൽ അവധിക്കാലാഘോഷത്തിനിടെ കൈകോർത്ത് നടക്കുന്ന രൺവീർ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരങ്ങളുടെ കടുത്ത ആരാധികയായ ൈസനബ് ഖാൻ ആണ് വിഡിയോ പകർത്തിയത്.

വിഡിയോ പകർത്തിയ തന്നെ താരങ്ങൾ ആക്രമിച്ചെന്നാണ് സൈനബ് ആരോപിക്കുന്നത്. സ‌ൈനബിന്റെ വിഡിയോ ഒരു ഫോട്ടോഗ്രാഫർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ഇതിന് താഴെയാണ് സൈനബിന്റെ കമന്റ്.

‘ഞാനാണ് ഈ വിഡിയോ പകര്‍ത്തിയത്. അതിന് അവരെന്നെ ആക്രമിച്ചു, അപമര്യാദയായി പെരുമാറി. അവർക്ക് ഒരു ആരാധികയെ ഇതോടെ നഷ്ടമായി.’–സൈനബ് കുറിച്ചു.

രൺവീറിനും ദീപികക്കുമെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച സൈനബയെ തള്ളി മറ്റാരാധകർ രംഗത്തെത്തി. താരങ്ങൾക്കും സ്വകാര്യതയുണ്ടെന്ന് ഓർക്കണമായിരുന്നു എന്നും അനുവാദം ചോദിച്ചിട്ട് വിഡിയോ പകർത്താമായിരുന്നു എന്നുമാണ് പ്രധാന വാദം.

യുവതിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ സോഷ്യല്‍മീഡിയയില്‍ കമന്റുകളും പോസ്റ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.  താനല്ല, മറ്റാരായിരുന്നു എങ്കിലും അവരുടെ വിഡിയോയും ചിത്രങ്ങളും പകർത്തുമായിരുന്നു എന്ന് സൈനബ മറുപടി നൽകി. ദീപിക ചിരിച്ചുകൊണ്ട് നടന്നടുത്തപ്പോൾ ചിത്രമെടുത്തോട്ടെ എന്ന് ചോദിച്ചിരുന്നു. എന്നാൽ രണ്ടുപേരും ചേർന്ന് തന്നെ ആക്രമിച്ചു, സൈനബ പറഞ്ഞു.