സച്ചിനെ പ്രണയത്തിലേക്ക് വലിച്ചിഴച്ചു; ശ്രീറെഡ്ഡിക്കെതിരെ മലയാളികൾ

സച്ചിന്‍ തെൻഡുൽക്കർക്കെതിരെ ആരോപണമുന്നയിച്ച ശ്രീറെഡ്ഡിക്കുനേരെ കടുത്ത സൈബർ ആക്രമണം. സിനിമാരംഗത്തെ പ്രമുഖർക്കെതിരെ ലൈംഗിക ആരോപണങ്ങളുയർത്തി വിവാദമുണ്ടാക്കിയ ശ്രീറെഡ്ഡി കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക്കിലൂടെ സച്ചിനെതിരെയും ആരോപണമുന്നയിച്ചത്.

എന്നാല്‍ ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്കു വലിച്ചിഴച്ചത് ആരാധകര്‍ക്ക് ഇഷ്ടമായിട്ടില്ല. നടിയുടെ കുറിപ്പിനു താഴെ മോശം കമന്റുകളുമായി നിരവധിപേർ എത്തുകയാണ്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. സച്ചിനും ചാർമിയും പ്രണയത്തിലായെന്നായിരുന്നു നടി കുറിച്ചത്. വിമർശനം കടുത്തതോടെ നടി വീണ്ടും രംഗത്തെത്തി.

‘സത്യസന്ധരെന്നും വിശ്വസ്തരെന്നും നമ്മൾ കരുതുന്നവരുടെ യഥാർഥ സ്വഭാവം അങ്ങനെ തന്നെ ആകണമെന്നില്ല. ചിലർ അതിനായി സോഷ്യൽവർക്കുകൾ ചെയ്യും. അവർ നല്ലവരാണെങ്കിൽത്തന്നെ പെൺകുട്ടികളോടു പ്രത്യേകതാൽപര്യവും ഉണ്ടാകും. പ്രത്യേകിച്ചു വിവാഹേതരബന്ധങ്ങളോട്. ഞാൻ പറയുന്നതു സത്യമാണ്.’– ശ്രീറെഡ്ഡി പറഞ്ഞു.

‘സച്ചിൻ തെൻഡുൽക്കാരൻ എന്ന റൊമാന്റിക്കായ വ്യക്തി ഹൈദരാബാദിൽ വന്ന സമയത്ത് ചാർമിങ് സുന്ദരിയുമായി പ്രണയത്തിലായി. ഞാനുദ്ദേശിച്ചത് നന്നായി പ്രണയിക്കാൻ അറിയാമെന്നാണ്.' ഇതാണ് ശ്രീറെഡ്ഡി ആദ്യം ഫെയ്സ്ബുക്കിൽ കുറിച്ചത്.

സച്ചിന്‍ തെൻഡുല്‍ക്കര്‍ എന്ന പേരിന് പകരം തെൻഡുല്‍ക്കാരന്‍ എന്നാണ് ശ്രീറെഡ്ഡി ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ ചാർമിങ് സുന്ദരി എന്ന് പറഞ്ഞിരിക്കുന്നത് തെന്നിന്ത്യന്‍ നടി ചാർമിയെ ആണെന്നും ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ സച്ചിന്‍ പങ്കെടുക്കാനെത്തിയിരുന്നു. ഈ ചടങ്ങിൽ ചാർമിയും ചാമുണ്ഡേശ്വർ നാഥും പങ്കെടുത്തിരുന്നു.

ഇതുവരെ ശ്രീറെഡ്ഡി നടത്തിയ ആരോപണങ്ങളെക്കാള്‍ വലിയ പ്രതികരണമാണ് പുതിയ പോസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. തെൻ‍ഡുൽക്കറെ വെറുതെ ഇത്തരം ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കേണ്ട എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം.

നേരത്തെ നടന്മാരായ നാനി, രാഘവേന്ദ്ര ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി. തുടങ്ങിയവർക്കെതിരെ കടുത്ത ലൈംഗിക ആരോപണങ്ങളുമായി ശ്രീറെഡ്ഡി എത്തിയിരുന്നു. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരെ പൊതു റോഡിൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചും നടി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.