പ്രഭാസിന്റെ ‘സാഹോ’ റിലീസ് നീണ്ടു; ആരാധകന്റെ ആത്മഹത്യാക്കുറിപ്പ്

അമിതമായ താരാരാധന ഉള്ളവരാണ് തമിഴ്–തെലുങ്ക് പ്രേക്ഷകർ. ഇഷ്ടതാരത്തിന് വേണ്ടി ജീവൻകൊടുക്കാനും മടിക്കാത്തവർ. ഇപ്പോഴിതാ സിനിമയുടെ റിലീസ് നീളുന്നു എന്ന കാരണത്താൽ ആത്മഹത്യ ചെയ്തിരിക്കുകയാണ് പ്രഭാസിന്റെ ആരാധകൻ.

കൃഷ്ണ എന്നു പേരുള്ള ആരാധകനാണ് ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി ആത്മഹത്യക്കുറിപ്പ് തയാറാക്കിയിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം സാഹോ റിലീസ് നീളുന്നുവെന്ന വിചിത്രകാരണത്താലാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിലെ വിവരം.

ഇതിന് പഴി പറയുന്നത് സാഹോയുടെ നിർമാതാക്കളായ യുവി ക്രിയേഷൻസിനെയും സംവിധായകൻ സുജീത്തിനെയും. അവരാണ് തന്റെ ആത്മഹത്യയ്ക്ക് കാരണക്കാർ എന്ന് യുവാവ് എഴുതുന്നു. സിനിമയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാതെ റിലീസ് നീട്ടിക്കൊണ്ട് പോകുകയാണ് ഇവർ ചെയ്തതെന്നും ഇതുമൂലം തനിക്ക് കടുത്ത മാനസിക പ്രതിസന്ധി ഉണ്ടായെന്നും യുവാവ് ആരോപിക്കുന്നു.

എന്തായാലും കൃഷ്ണയുടെ പേരിലുള്ള ആത്മഹത്യാക്കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. എന്നാൽ ഇത് പ്രഭാസിനെ പരിഹസിക്കാൻ എഴുതിയതാണെന്നാണ് ആരാധകർ പറയുന്നത്. ഇങ്ങനെയുള്ള ആരാധകരെ പ്രോത്സാഹിപ്പിക്കരുതെന്നും ഇവർ സമനില തെറ്റിയവരുമാണെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്. എന്തായാലും കത്തിന്റെ ഔദ്യോഗിക വിവരം ലഭ്യമല്ല.