യന്തിരന്‍ 2 വില്‍ അര്‍ണോള്‍ഡിന്റെ പ്രതിഫലം !

തീപാറുമെന്നുറപ്പായി. പൊരുതുന്നതു യന്തിരൻമാരായതുകൊണ്ടു മാത്രമല്ല. ദളപതിയോടു കോർക്കാൻ ചില്ലറക്കാരനല്ല വരുന്നത്, ടെർമിനേറ്ററാണ് എന്നതു തന്നെ. ശങ്കറിന്റെ ബ്രഹ്മാണ്ഡ ഹിറ്റ് യന്തിരന്റെ രണ്ടാം ഭാഗത്തിലാണു രജനീകാന്തിന്റെ വില്ലനാകാൻ ഹോളിവുഡിലെ സൂപ്പർ ഹീറോ സാക്ഷാൽ ആർനോൾഡ് ഷ്വാസ്നെഗർ എത്തുന്നത്. പക്ഷേ, ടെർമിനേറ്റർ പരമ്പരയിൽ തകർക്കാനാവാത്ത ആൻഡ്രോയ്ഡ് റോബട്ടിന്റെ വീറുകൊണ്ടൊന്നും ഇവിടെ ജയിച്ചുനിൽക്കാമെന്നു കരുതേണ്ട. കാരണം രജനിക്കു തോൽക്കാനാവില്ലല്ലോ!

റോബട് 2 എന്നു പേരിട്ടിരിക്കുന്ന യന്തിരന്റെ രണ്ടാം ഭാഗത്തിലാണു ഷ്വാസ്നെഗർ വില്ലൻ റോബട് ആയി അഭിനയിക്കുക. ആദ്യഘട്ട ഷൂട്ടിങ്ങിനായി ജനുവരി ആദ്യം ഷ്വാസ്നെഗർ ഇന്ത്യയിലെത്തും. 25 ദിവസമാണ് അദ്ദേഹം മാറ്റിവച്ചിരിക്കുന്നത്. 25 ദിവസത്തേക്ക് 100 കോടിയാണ് അര്‍ണോള്‍ഡിന്റെ പ്രതിഫലം.

ശങ്കറിന്റെ വിക്രം ചിത്രം ‘ഐ’യുടെ ഓഡിയോ റിലീസിനു ഷ്വാസ്നെഗർ എത്തിയിരുന്നു. തമിഴ് സിനിമയിൽ അഭിനയിക്കാൻ അന്ന് അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചതനുസരിച്ചാണു യന്തിരനിലേക്കു വിളിച്ചതെന്നു ശങ്കർ പറഞ്ഞു. രണ്ടാം യന്തിരന്റെ കഥയും അദ്ദേഹത്തിനിഷ്ടപ്പെട്ടു.

പുതുമ ഷ്വാസ്നെഗറിൽ നിൽക്കില്ലെന്നാണു പുതിയ കേൾവി. ആമിർ ഖാനെയും ദീപിക പദുക്കോണിനെയുമൊക്കെ കൊണ്ടുവരാനും ശ്രമം നടക്കുകയാണ്. മൂന്നു നായികമാരിൽ ഒരാളെ ഏതായാലും ഉറപ്പിച്ചുകഴിഞ്ഞു. ഐ നായിക ആമി ജാക്സൻ തന്നെ.സ്പെഷൽ ഇഫക്ടിനും പ്രൊഡക്‌ഷൻ ഡിസൈനിനുമുള്ള ദേശീയ അവാർഡ് നേടിയ, ബാഹുബലി വരുന്നതു വരെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്ന യന്തിരന്റെ രണ്ടാം ഭാഗവും റോബട്ടുകൾ നിറഞ്ഞാടുന്ന സയൻസ് ഫിക്‌ഷൻ സാഹസിക ചിത്രമാകുമെന്നുറപ്പ്. എന്നാൽ ശങ്കർ മറ്റൊന്നു കൂടി പറയുന്നു, ഈ ത്രികോണ പ്രണയകഥയ്ക്കു പ്രചോദനം രാമായണമാണത്രേ!