500 കോടിയുടെ രാമായണം; രാമനായി രാം ചരൺ, ഹനുമാനായി അല്ലു അർജുൻ

സ്വപ്നം കാണാൻപോലും കഴിയാത്ത വിജയമാണ് ഒരു തെലുങ്ക് ചിത്രമായ ബാഹുബലി ഇന്ത്യൻ ബോക്സ്ഓഫീസിൽ നേടിയത്.ഇതോടെ ഇത്തരം സിനിമകളുടെ വലിയ സാധ്യതകൾ തേടി നിർമാതാക്കൾ രംഗത്തിറങ്ങിയിരിക്കുകയാണ്. ഗൾഫിലെ പ്രമുഖ വ്യവസായി ഡോ.ബി.ആർ.ഷെട്ടി ആയിരം കോടി രൂപ((150 ദശലക്ഷം യുഎസ് ഡോളര്‍) മുടക്കി മലയാളത്തിൽ മഹാഭാരതം എന്ന സിനിമ നിർമിക്കാൻ ഒരുങ്ങുന്നതും ഇന്ത്യൻ സിനിമയെ ഞെട്ടിച്ച വാർത്തയാണ്. 

ഇപ്പോഴിതാ ഇതേരീതിയിൽ രാമായണം സിനിമയാക്കാൻ ഒരുങ്ങുകയാണ് തെലുങ്കിലെ മൂന്നുനിർമാതാക്കൾ. മൂന്നുഭാഗങ്ങളായാകും രാമായണം റിലീസ് ചെയ്യുക. മൂന്നുഭാഗങ്ങളും നിർമിക്കുന്നത് മൂന്നുനിർമാതാക്കൾ. മൊത്തം മുടക്ക് 500 കോടി രൂപ.

ബാഹുബലിയുടെ വലിയ വിജയം തെലുങ്കിലെ ‘മെഗാ ഫാമിലി’യെ വളരെയധികം ആകുലപ്പെടുത്തുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. ഈ കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെയൊരു പ്രോജക്ട് ഉടൻ ചെയ്യാൻ നിർമാതാക്കൾ രംഗത്തിറങ്ങിയതെന്നും പറയുന്നു. 

റിപ്പോർട്ടുകൾ സത്യമാണെങ്കിൽ രാമനായി വേഷമിടുന്നത് രാം ചരൺ ആണ്. അല്ലു അർജുൻ ഹനുമാൻ ആയി എത്തുന്നു. 

നിർമാതാക്കളായ അല്ലു അരവിന്ദ്, നമിത് മൽഹോത്ര, മധു മണ്ടേന എന്നിവരാണ് നിര്‍മാതാക്കൾ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യുന്ന സിനിമയിൽ ബോളിവുഡ്, തമിഴ്, തെലുങ്ക് സൂപ്പർതാരങ്ങൾ അണിനിരക്കും. ത്രിഡിയിലാകും ചിത്രം റിലീസ് ചെയ്യുക.