ബാഹുബലിയെ വെല്ലാൻ സംഘമിത്ര; തുടക്കം കാൻസ് മേളയിൽ

ബാഹുബലിയെ വെല്ലാൻ തമിഴിൽ നിന്നൊരു ബ്രഹ്മാണ്ഡം വരുന്നു. സുന്ദർ സി സംവിധാനം ചെയ്യുന്ന സംഘമിത്രയാണ് വൻ ബഡ്ജറ്റിൽ ഒരുങ്ങുന്നത്. ശ്രുതി ഹാസൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ ജയം രവി, ആര്യ എന്നിവരാണ് നായകന്മാർ. ഏ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധായകന്‍. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

400 കോടിയാണ് ബഡ്ജറ്റ്. ബാഹുബലി പോലെ രണ്ടുഭാഗങ്ങളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം കാൻ ഫിലിം ഫെസ്റ്റിവലിൽ നടക്കും. പ്രഖ്യാപനത്തില്‍ ബാഹുബലിയെ പിന്നിലാക്കുന്ന സിനിമയെന്ന പ്രതീതി ജനിപ്പിക്കാനാണ് സംഘമിത്രാ ടീമിന്റെ ശ്രമം.

എഡി എട്ടാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം. തമിഴ് ചരിത്രത്തിൽ ഇതുവരെ ആരും ൈകവയ്ക്കാത്ത മേഖലകളാണ് ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്. സിനിമ ഇപ്പോൾ പ്രിപ്രൊഡക്ഷൻ സ്റ്റേജിലാണ്. 

ശ്രീ തെന്‍ട്രല്‍ ഫിലിംസാണ് നിർമാണം. ബാഹുബലി രണ്ട് വിഎഫ്എക് സൂപ്പര്‍വൈസറായിരുന്ന കമലാകണ്ണന്‍ ആണ് സംഘമിത്രയുടെയും വിഎഫ്എക്‌സ് നേതൃത്വം നല്‍കുന്നത്. ബാഹുബലിക്ക് മുകളില്‍ നില്‍ക്കുന്ന ചിത്രമെന്നാണ് സുന്ദര്‍ സി പറയുന്നത്.