കറുപ്പ് രാജാ വെള്ള രാജാ അനിശ്ചിതത്വത്തിൽ

വിശാലും കാർത്തിയും ഒന്നിക്കുന്ന കറുപ്പ് രാജാ വെള്ള രാജാ ഏറെ വാർത്താ പ്രാധാന്യത്തോടെ കൊട്ടിഘോഷിക്കപ്പെട്ട പ്രോജക്ടാണ്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി തങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിൽനിന്ന് അഞ്ച് കോടി രൂപ വീതം നടികർ സംഘം കെട്ടിട ഫണ്ടിലേക്ക്  സംഭാവന നൽകുമെന്നും ഇരുവരും സംയുക്തമായി പ്രഖ്യാപിച്ചിരുന്നു. 

ഇപ്പോൾ ഈ പ്രോജക്ട് അനിശ്ചിതത്വത്തിലാണെന്ന് കോളിവുഡ് വൃത്തങ്ങൾ പറയുന്നു. പ്രഭുദേവയ്ക്ക് പകരക്കാരനായി ഗൗതം മേനോൻ സംവിധായകനായി എത്തുമെന്നും പ്രോജക്ട് ഉപക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാണ് നിർമാതാവുമായി ബന്ധപ്പെട്ടവർ പറയുന്നത്. 

വിശാലും കാർത്തിയും ഒന്നിക്കുന്നുവെന്ന വാർത്ത ചോർന്നപ്പോൾ തന്നെ തന്നെ തമിഴിലെ പല വമ്പൻ സംവിധായകരും ഇരുവരോടും കഥകൾ പറഞ്ഞിരുന്നു. ആ കഥകൾ ഒന്നും തന്നെ ഇവരെ തൃപ്തിപ്പെടുത്തിയില്ലത്രെ. 

അന്തരിച്ച സംവിധായകൻ സുഭാഷ്  പറഞ്ഞ കഥയാണ് അവസാനം ഇരുവർക്കും ഇഷ്ടപ്പെട്ടത്.  അദ്ദേഹത്തിന്റെ അകാല മരണത്തെ തുടർന്ന്  അദ്ദേഹം പറഞ്ഞ കഥ പ്രഭുദേവയോട് തിരക്കഥയാക്കാൻ നിർദ്ദേശിച്ചു. പ്രഭുദേവ തയ്യാറാക്കിയ തിരക്കഥ തൃപ്തികരമല്ലാത്തതു കൊണ്ടത്രെ കറുപ്പ് രാജാ വെള്ള രാജാ അനിശ്ചിതത്വത്തിലായത്. 

എന്നാൽ ഈ പ്രോജക്ട് ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്നും ഈ വർഷം തന്നെ ഷൂട്ടിങ്  ആരംഭിക്കുമെന്നും വിശ്വസനീയ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. ഇതിനിടയിൽ ഉപേക്ഷിക്കപ്പെട്ടതായി കരുതപ്പെട്ട വിശാൽ - ലിംഗുസാമി ചിത്രം  സണ്ഠക്കോഴി 2ന്റെ  ചിത്രീകരണം ആഗസ്റ്റ് അവസാന വാരം തുടങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.