വിവേകം പാളിയോ? അജിത്ത് നിരാശയിലാണ്

വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും ശിവയും വീണ്ടും ഒന്നിച്ച ചിത്രമാണ് വിവേകം. 125 കോടി മുതല്‍മുടക്കിലെത്തിയ ചിത്രം തിയറ്ററുകളിൽ സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയത്. കൂടാതെ വിമർശകർ ചിത്രത്തെ വലിച്ചുകീറുകയുണ്ടായി. ഇതേതുടർന്ന് ആരാധകരും ഇവർക്കെതിരെ അസഭ്യവർഷം ചൊരിഞ്ഞു.

വിവേകം സിനിമയ്ക്ക് ലഭിച്ച പ്രതികരണങ്ങളിൽ അജിത്ത് നിരാശനാണെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്. ശിവ എന്ന സംവിധായകനെ പൂർണമായി വിശ്വസിച്ചാണ് അജിത്ത് ഈ ചിത്രവും കമ്മിറ്റ് ചെയ്യുന്നത്. വിവേകം പ്രതീക്ഷിച്ചത്ര വിജയമായില്ലെങ്കിലും അജിത്തും ശിവയും തമ്മിൽ ഇക്കാര്യത്തിൽ കൃത്യമായ ധാരണ ഉണ്ടെന്നും അവർ തമ്മിൽ പ്രശ്നങ്ങളിലെന്നും അടുത്തവൃത്തങ്ങൾ പറഞ്ഞു.

വിവേകത്തിൽ എന്തൊക്കെ തെറ്റുകളുണ്ടായിട്ടുണ്ടോ അതെല്ലാം അടുത്ത ചിത്രത്തിൽ പരിഹരിക്കണമെന്നാണ് അജിത്തിന്റെ നിർദ്ദേശം. അതേസമയം അടുത്ത ചിത്രം മറ്റൊരു സംവിധായകനുമായി ചെയ്യാനാണ് അജിത്തിന്റെ തീരുമാനമെന്നും പറയുന്നു. നേരത്തെ അജിത്തിന്റെ പുതിയ ചിത്രവും ശിവ തന്നെയാണ് ഒരുക്കുന്നതെന്ന് വാർത്ത വന്നിരുന്നു. അജിത്തിന്റെ അറുപതാമത് ചിത്രമാകും ശിവ സംവിധാനം ചെയ്യുക.