എന്തുകൊണ്ട് അർണോൾഡിനെ ഒഴിവാക്കി; ശങ്കർ പറയുന്നു

രജനി–ശങ്കർ ടീം ഒന്നിക്കുന്ന ബ്രഹ്മാണ്ഡചിത്രം 2.0 ൽ ആദ്യം വില്ലനായി പരിഗണിച്ചിരുന്നത് അർണോൾഡ് ഷ്വാർസ്നെഗറിനെയായിരുന്നു. തിരക്കഥ പൂർത്തിയാക്കി ശങ്കർ അദ്ദേഹവുമായി ചർച്ചയും നടത്തിയിരുന്നു. എന്നാൽ അവസാനനിമിഷം അർണോൾഡ് പിന്മാറുകയും ആ കഥാപാത്രം അക്ഷയ് കുമാറിലെത്തുകയുമായിരുന്നു. പ്രതിഫലം താങ്ങാനാകാത്തതിനാലാണ് ശങ്കർ അർണോൾഡിനെ മാറ്റിയതെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 

ഇപ്പോഴിതാ ആ കാരണം ശങ്കർ തന്നെ വ്യക്തമാക്കുന്നു. ദുബായിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ശങ്കർ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘2.0 ഹോളിവുഡ് സിനിമ പോലെയാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ഹോളിവുഡിലെ പതിവ് സിനിമകൾ പോലെയാണെന്ന് വിചാരിക്കരുത്. സിനിമയുടെ ഫോർമാറ്റ് ഹോളിവുഡിന്റേതുപോലെയാണ്. ആഗോളതലത്തിൽ ചർച്ചയാകാവുന്ന വിഷയമാണ് 2.0 യുടെ പ്രമേയം. ലോകത്തുള്ള ഏതൊരാൾക്കും ഈ സിനിമയുടെ തിരക്കഥ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ടാണ് അർണോൾഡിനെ സമീപിക്കുന്നത്.

ഞങ്ങൾ അദ്ദേഹത്തെ സമീപിക്കുകയും ചിത്രത്തെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ടീമുമായി ചിലകാര്യങ്ങളിൽ ഒത്തുപോകാൻ സാധിക്കാതെ വന്നു. അങ്ങനെയാണ് അക്ഷയ് കുമാറിലെത്തുന്നത്. 

അക്ഷയ് വില്ലൻ മാത്രമല്ല, അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഒരുപാട് മുഖങ്ങളുണ്ട്. മികച്ച രീതിയിൽ അത് അവതരിപ്പിച്ചിട്ടുമുണ്ട്. പുതിയൊരു അക്ഷയ് കുമാറിനെയാകും ഇതിലൂടെ കാണുക. കഴിഞ്ഞ ഒന്നരവർഷമായി ഷൂട്ടിങ് നടന്നുവരികയായിരുന്നു. സ്റ്റണ്ട് കൊറിയോഗ്രാഫറായ കെന്നി ബേറ്റ്സ് മികച്ച സംഭാവനയാണ് ചിത്രത്തിന് നൽകിയത്.–ശങ്കർ പറഞ്ഞു.

അതേസമയം സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്സ് 110 കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നും റിപ്പോർ്ട്ട് ഉണ്ട്. ആമസോൺ ആണ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 80 കോടിക്ക് തിയറ്റർ റൈറ്റ്സും നൽകി കഴിഞ്ഞു. 400 കോടിയാണ് സിനിമയുടെ മുതൽമുടക്ക്.