പൂമരം വന്നില്ല, കാളിദാസന്റെ ‘ഒരു പക്ക കഥൈ’ ട്രെയിലർ എത്തി

കാളിദാസ് ജയറാം നായകനാകുന്ന തമിഴ് ചിത്രം 'ഒരു പക്ക കഥൈ' ട്രെയിലര്‍ പുറത്തിറങ്ങി. കാളിദാസ് നായകനാകുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്. മേഘ ആകാശ് ആണ് നായിക.

നേരത്തെ ഈ ചിത്രത്തെ സെന്‍സര്‍ ബോര്‍ഡ് എതിര്‍ത്തിരുന്നു. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഇന്റര്‍കോഴ്‌സ് എന്ന വാക്ക് മാറ്റണമെന്നായിരുന്നു നിര്‍ദേശം.  ഷാരൂഖ് ഖാന്‍-അനുഷ്‌ക ശര്‍മ്മ ചിത്രം ‘ജബ് ഹാരി മെറ്റ് സൈജാലി’ലും കഥാപാത്രങ്ങള്‍ ഉപയോഗിച്ച ‘ഇന്റര്‍കോഴ്സ്’ എന്ന വാക്ക് മ്യൂട്ട് ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡ് വാദം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നതും തുടര്‍ന്നുണ്ടാകുന്ന മെഡിക്കല്‍ സങ്കീര്‍ണതകളുമൊക്കെയുള്ള സവിശേഷമായ ഒരു പ്രമേയമാണ് ഈ സിനിമയുടേത്. ബാലാജി ധരണിധരനാണ് ചിത്രത്തിന്റെ സംവിധായകന്‍. 

പി. വി ചന്ദ്രമൗലി, ജീവാ രവി, ലക്ഷ്മ പ്രിയ മേനോന്‍, മീന എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.  വാസന്‍സ് വിഷ്വല്‍ വെഞ്ചേവയ്‌സിന്റെ ബാനറില്‍ കെ. എസ് ശ്രീനിവാസനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.  കാളിദാസിന്‍റെ ആദ്യ മലയാള ചത്രം പൂമരത്തിന്‍റെ റീലീസ് വൈകുന്ന വേളയിലാണ് പുതിയ ട്രെയിലര്‍ വന്നിരിക്കുന്നത്.