മകന്റെ പ്രകടനം കാണാൻ തലക്കനമില്ലാത ‘തല’

വിളിപ്പേര് ‘തല’യെന്നാണെങ്കിലും ആ തലക്കനമൊന്നും ജീവിതത്തില്‍ കൂടെ കൊണ്ടുനടക്കാത്ത വ്യക്തിയാണ് സൂപ്പർതാരം അജിത്ത്. പൊതു ചടങ്ങുകളിലും മറ്റും വളരെ സാധാരക്കാരായി നമ്മളിലൊരാളായാണ് പെരുമാറുക. 

ഇപ്പോഴിതാ അത് വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി. മകൻ ആദ്വികിന്റെ സ്കൂൾ കായിക പരിപാടി കാണാൻ വന്ന അജിത്തിന്റെ ചിത്രങ്ങളാണ് ഇന്റര്‍െനറ്റിൽ തരംഗമാകുന്നത്. മകന്റെ പ്രകടനം കൗതുകത്തോടെ നോക്കിനിൽക്കുന്ന അച്ഛനെയാണ് ചിത്രത്തിൽ കാണാനാകുക. ഒടുവിൽ മൽസരങ്ങളിൽ പങ്കെടുത്ത തളർന്ന മകനെ തോളിൽ എടുത്ത് അജിത് നടന്നു നീങ്ങുന്ന ചിത്രം ആരാധകരുടെ മനം കവർന്നിട്ടുണ്ട്. 

ചിത്രങ്ങളില്‍ പുതിയ ഗെറ്റപ്പിലുള്ള അജിത്തിനെയാണ് കാണാൻ സാധിക്കുക. സാൾട് ആൻഡ് പെപ്പർ ലുക്കിൽ നിന്നും മുടികളർ ചെയ്ത ‘തല’യെ കാണാം. അതേസമയം അജിത്തിന്റെ പുതിയ ചിത്രം വിശ്വാസത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു.