തമിഴ്നാടിൻ തലൈവർക്ക് പിറന്നാൾ വാഴ്ത്തുക്കൾ

തമിഴകത്തിന്റെ സ്വന്തം തലൈവർ, ആരാധക ലക്ഷങ്ങളുടെ സൂപ്പർ സ്റ്റാർ അങ്ങനെ വിശേഷണങ്ങൾ പലതുള്ള സ്റ്റൈൽമന്നൻ രജനികാന്തിന് ഇന്ന് 67–ാം പറന്നാൾ. തന്റെ രാഷ്ട്രീയ പ്രവേശനം വലിയ ചർച്ചയാകുന്ന സമയമാണെങ്കിലും ഇത്തവണയും പിറന്നാൾ ആഘോഷങ്ങൾ ഒന്നും വേണ്ടെന്നാണ് തലൈവരുടെ തീരുമാനം. ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അദ്ദേഹം മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ചിരിക്കുകയാണ്. എന്നാൽ ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം നിർണായകമായ ചില തീരുമാനങ്ങൾ അദ്ദേഹം കൈക്കൊള്ളുമെന്നാണ് രജനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘കാല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണിയറക്കാർ പുറത്തിറക്കി. 

2018 രജനിയെ സംബന്ധിച്ച് വളരെ നിർണായകമാണ്. ഒരുപാട് കാലത്തിനു ശേഷം അദ്ദേഹത്തിന്റെ രണ്ടു സിനിമകളാണ് ഒരേ വർഷം റിലീസിനെത്താൻ പോകുന്നത്. ശങ്കർ സംവിധാനം ചെയ്യുന്ന 2.0 ഏപ്രിൽ 1–നും പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലാ ഒാഗസ്റ്റ് 15–നും തീയറ്ററുകളിലെത്തും. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ നിർണായക നീക്കങ്ങളും 2018–ൽ തന്നെയുണ്ടാകാനാണ് സാധ്യത. 

ഇന്ത്യയിലെ ഒരേയൊരു സൂപ്പർ സ്റ്റാർ എന്നാണ് രജനിയെ ആരാധകർ ഒന്നടങ്കം വാഴ്ത്തുന്നത്. ഭാഷാ, ദേശ വ്യത്യാസങ്ങൾക്കതീതമായി രജനിയെ ആളുകൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സൂപ്പർ സ്റ്റാർ പദവിയൊക്കെ ഉണ്ടെങ്കിലും മേക്കപ്പൊന്നും കൂടാതെ വെറും സാധാരണക്കാരനായാണ് അദ്ദേഹം പൊതു വേദികളിലും മറ്റും എത്താറ്. ലാളിത്യത്തിന്റെയും വിനയത്തിന്റെയും പ്രതിരൂപമായി ആളുകൾ വിശേഷിപ്പിക്കുന്ന തലൈവർക്ക് സമൂഹമാധ്യമങ്ങളിലും മറ്റും പിറന്നാൾ‌ ആശംസകളുടെ പ്രവാഹമാണ്.