കാർ കൊടുത്തുള്ള സ്നേഹം വേണ്ടെന്ന് സൂര്യയോട് നിർമാതാവ്

സിനിമ സൂപ്പർഹിറ്റായാൽ സംവിധായകർക്ക് സമ്മാനം കൊടുക്കുന്ന പതിവ് സൂര്യയ്ക്കുണ്ട്. അതും ആഡംബര കാറുകളാണ് സംവിധായകര്‍ക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. നായകനാകുന്ന ചിത്രം മാത്രമല്ല നിർമിക്കുന്ന ചിത്രം ഹിറ്റായാലും ഇത് പതിവാണ്.

പാണ്ഡിരാജ്, ഹരി തുടങ്ങി താനാ സേർന്ത കൂട്ടം ഒരുക്കിയ വിഘ്നേശ് ശിവനും താരം കാർ സമ്മാനമായി നൽകിയിരുന്നു. എന്നാല്‍ സൂര്യയുടെ ഈ സ്നേഹപ്രകടനം വിക്രവേദയുടെ നിർമാതാവായ ശശികാന്തിന് അത്രപിടിച്ചിട്ടില്ല. സൂര്യയ്ക്ക് സംവിധായകരോടുളള ഈ അമിതസ്നേഹം പാവപ്പെട്ട നിർമാതാക്കള്‍ക്ക് ദോഷം മാത്രമെ ചെയ്യൂ എന്നാണ് ശശികാന്ത് പറയുന്നത്.

‘ചില സമയങ്ങളിൽ നാം പെട്ടന്ന് വികാരാധീനരാകും. സിനിമ വിജയിക്കുമ്പോൾ വീട്ടിലിരുന്ന് വലിയ ബഹങ്ങളില്ലാതെ ആഘോഷിക്കുക. എന്നാൽ രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷം വലിയ ബുദ്ധിമുട്ടുകളിലൂടെ വിജയം കൈവരിക്കുമ്പോൾ അത് നമുക്ക് വലിയ രീതിയിൽ ആഘോഷിക്കാം. എന്നാൽ ഇപ്പോൾ ഈ ചെയ്യുന്നത് തെറ്റാണ്. തമിഴിലെ മുൻനിര നായകൻ സംവിധായകന് കാർ സമ്മാനമായി നൽകുന്നു.  എങ്ങനെയാണ് ഇതൊരു പുതിയ സംഭവമായി മാറുന്നത്. ഇതിപ്പോൾ സ്ഥിരം പതിവായി കഴിഞ്ഞു. ഞാൻ 12 സിനിമ നിര്‍മിച്ചു. അതിൽ വിജയവും പരാജയവും അറിഞ്ഞു. അത് ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല.’–ശശികാന്ത് പറഞ്ഞു.

എന്നാൽ ശശികാന്തിന്റെ പ്രസ്താവ സൂര്യയുടെ നിർമാണ കമ്പനിയുടെ സഹ ഉടമ രാജ്ശേഖർ പാണ്ഡ്യനെ ചൊടിപ്പിച്ചു. തന്റെ സിനിമയിൽ പ്രവർത്തിക്കുന്ന താരങ്ങൾക്കോ സംവിധായകനോ പ്രതിഫലം പോലും മുഴുവൻ നൽകാത്ത ആളാണ് സമ്മാനത്തെക്കുറിച്ച് പറയുന്നതെന്നായിരുന്നു പാണ്ഡ്യന്റെ മറുപടി.