ഷംനയുടെ സിനിമകണ്ട് മധ്യവയസ്കൻ മരിച്ചു

മലയാളി നടി ഷംന കാസിം (പൂർണ) നായികയായി എത്തിയ തെലുങ്ക് ഹൊറർ ചിത്രം തിയറ്ററിൽ ഇരുന്ന് കാണുന്നതിനിടെ ഹൃദയാഘാതം മൂലം അൻപത്തിയഞ്ചുകാരന്‍ മരിച്ചു. ഈയിടെ റിലീസായ രാജു ഗാരി ഗാദി എന്ന ചിത്രം കാണുന്നതിനിടെയായിരുന്നു ദാരുണസംഭവം. ഹൈദരാബാദ് ബഹദൂര്‍പുര സ്വദേശിയായ അമർനാഥ് ആണ് മരിച്ചത്. അമർ ട്യൂഷന്‍ അധ്യാപകനാണ്.

ഹൈദരാബാദിലെ മെട്രോ സിറ്റി തിയറ്ററില്‍ രാവിലെയുള്ള ഷോയ്ക്കാണ് ഇദ്ദേഹം കയറിയത്. എന്നാല്‍ സിനിമ കഴിഞ്ഞതിന് ശേഷം തിയറ്റര്‍ വിടാത്തതിനെത്തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാർ എത്തിയപ്പോൾ അമർനാഥിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ ചിത്രത്തിന്റെ സംവിധായകനായ ഓംകാർ ഞെട്ടൽ രേഖപ്പെടുത്തി. മാത്രമല്ല അമർനാഥിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ സഹായമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓംകാർ സംവിധാനം ചെയ്ത ചിത്രത്തിൽ അശ്വിൻ‍, ചേതൻ, ധന്യ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്.