പുലിമുരുകനെ വെല്ലുമോ കടമ്പൻ; 50 ആനകൾക്കൊപ്പം ആര്യയുടെ ആക്​ഷന്‍

പുലിയൂരിൽ വന്യമൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന പുലിമുരുകനെപ്പോലെ തമിഴിൽ നിന്നും അത്തരമൊരു കഥാപാത്രവുമായി ആര്യ എത്തുന്നു. കടമ്പൻ എന്നുപേരിട്ടിരിക്കുന്ന സിനിമയിൽ കാട്ടിൽ ജീവിക്കുന്ന യുവാവ് ആയാണ് ആര്യ എത്തുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും തരംഗമായിരുന്നു.

രാഘവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിക്സ്പാക്കിലാണ് ആര്യ എത്തുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം അൻപത് ആനകളെ വച്ചാണ് ചിത്രീകരിച്ചത്. ക്ലൈമാക്‌സ് ചിത്രീകരണത്തിന് വേണ്ടി 5 കോടി ചെലവഴിച്ചെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 300 ആനകളിൽ നിന്നാണ് അൻപത് ആനകളെ തിരഞ്ഞെടുത്തത്. ആനകളുടെ പത്ത് ദിവസം പരിശീലനവും ആര്യയ്ക്കായി പ്രത്യേകം നടത്തി. ആനകളുടെ വാടക തന്നെയായി ലക്ഷങ്ങൾ.

നൂറു ഫൈറ്റർമാരുടെയും അമ്പത് ആനകളുടെയും ഇടയിലായിരുന്നു ക്ലൈമാക്സ് ഫൈറ്റിന്റെ ചിത്രീകരണം. ദിലീപ് സുബ്ബരയൻ ആണ് ആക്​ഷൻ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ കാതറിന്‍ ട്രീസയാണ് നായിക. തായ്‌ലന്റ് കൂടാതെ തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു. യുവൻ ശങ്കർ രാജയാണ് സംഗീതം.

സിനിമ ടാർസൻ പോലെ ഒരു ഹോളിവുഡ് ലെവലിൽ ഉള്ള സിനിമയല്ലെന്നും സാമൂഹികപ്രാധാന്യമുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്നും സംവിധായകൻ പറയുന്നു. ആനക്കൊമ്പ് കടത്തലാണ് സിനിമയുടെ പ്രമേയം. 2013ൽ പുറത്തിറങ്ങിയ ടോണി ജായുടെ ആക്​ഷൻ ത്രില്ലർ ടോം യം ഗൂങ് സിനിമയുടെ റീമേയ്ക്ക് ആണ് കടമ്പനെന്നും കേൾക്കുന്നു.