ശൗചാലയം നിർമിക്കൂ; കബാലി ടിക്കറ്റ് സൗജന്യം

രജനി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കബാലി. തമിഴ്നാട്ടിൽ മുഴുവൻ കബാലി തരംഗം ആഞ്ഞടിക്കുകയാണ്. ഈ അവസരത്തിൽ മറ്റൊരു തന്ത്രവുമായി എത്തിയിരിക്കുകയാണ് പുതുച്ചേരിയിലെ സർക്കാർ അധികൃതർ.

പുതുച്ചേരിയിലെ സെല്ലിപ്പെട്ട് ഗ്രാമത്തിലെ വീടുകളിൽ സ്വന്തമായി ശൗചാലയം നിർമിക്കുന്നവർക്ക് കബാലി ടിക്കറ്റ് സൗജന്യമായി നൽകും. പുതുച്ചേരിയിലെ സെല്ലിപ്പെട്ട് ഗ്രാമത്തിലെ 772 വീടുകളില്‍ 447 വീടുകളിലും ശൗചാലയമില്ല. അടുത്തിടെ നടത്തിയ ഒരു സര്‍വേയിലാണ് അധികൃതര്‍ക്ക് ഇക്കാര്യം വ്യക്തമായത്. ഇത് മറികടക്കാനാണ് ഇങ്ങനെയൊരു തന്ത്രവുമായി അധികൃതർ എത്തിയത്.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ സ്വച്ഛ് ഭാരത് പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകണമെന്ന് ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി രജനികാന്തിനോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ പദ്ധതി.