ആരാധകർ‌ നെഞ്ചിലേറ്റിയ ‘തല’

തലൈവരും കലൈഞ്ജറും, ഉലകനായകനും ഇളയദളപതിയുമൊക്കെ തമിഴകത്തുണ്ടെങ്കിലും കോളിവുഡിന്റെ ‘തല’ അജിത്താണ്. സിക്സ് പായ്ക്കോ എയിറ്റ് പായ്ക്കോ ഇല്ലെങ്കിലും, ചറപറയുള്ള പഞ്ച് ഡയലോഗുകളോ, ത്രസിപ്പിക്കുന്ന ആക്ഷനോ അത്ര കണ്ട് ഇല്ലെങ്കിലും നര കയറിയ ആ തലയോടും നിഷ്കളങ്കമായ പുഞ്ചിരിയോടും വാലും തലയുമില്ലാത്ത ഒരു പ്രത്യേക സ്നേഹം ആരാധകർക്കുണ്ട്.

മോട്ടോർ മെക്കാനിക്കായി ജീവിതം തുടങ്ങി, സഹനട വേഷങ്ങളിലൂടെ അഭിനയരംഗത്തെത്തി ഒടുവിൽ അവിടെ മുടിചൂടാമന്നനായ അജിത് കുമാർ. ഫോർമുലാ വൺ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള ഒരേയൊരു ഇന്ത്യൻ ചലച്ചിത്ര താരം. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളായ ശാലിനിയുടെ ഭർത്താവ്. 1995—ൽ ആരംഭിച്ച അഭിനയസപര്യ 56 ചിത്രങ്ങൾ പിന്നിട്ട് 57—ാമത്തേതിൽ എത്തി നിൽക്കുമ്പോൾ ആരാധകർക്ക് ‘തല’ വെറും ഒരു താരമല്ല. മറിച്ച് അവരിലൊരാളാണ്. താരജാടകളേതുമില്ലാത്ത താരങ്ങളിൽ താരം. ഒരു ഫെയ്സ്ബുക്ക് പേജോ, വെബ്സൈറ്റോ പോലുമില്ലെങ്കിലും സോഷ്യൽ മീഡിയകളിലും ‘തല’ പൊങ്ങിത്തന്നെ നിൽക്കുന്നു.

ഇൗ ഇഷ്ടത്തിനു അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളില്ല. രജനി ഫാൻസും, വിജയ് ഫാൻസും അങ്ങനെ ആരാധകർ പലവിധമുണ്ടെങ്കിലും ഇവർക്കെല്ലാം തലയെ ഇഷ്ടമാണ്. ‘തല’യെ ആരാധകർ നെഞ്ചിലേറ്റി സ്നേഹിക്കുമ്പോൾ അത് ഒരു സിനിമാതാരത്തോടുള്ള അന്ധമായ ആരാധനയല്ല. മറിച്ച് അജിത് കുമാർ എന്ന പച്ചമനുഷ്യനോടുള്ള ബഹുമാനമാണ്.