അജിത്തിന്റെ ഹാർട്ടിന് വ്യാജന്മാരുടെ അറ്റാക്ക്

തമിഴ് സൂപ്പർതാരം അജിത്തിന്റെ ആരാധകർ കഴിഞ്ഞ ദിവസം കുറച്ചൊന്നുമല്ല ആകുലപ്പെട്ടത്. അജിത്തിന് ഹൃദയാഘാതമുണ്ടായെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വാർത്ത വന്നിരുന്നു. വാർത്ത തമിഴകത്ത് കാട്ടുതീപോലെ പടർന്നു.

അജിത്തിന്റെ മാനേജരായ സുരേഷിന്റെ പേരിൽ വ്യാജ ട്വിറ്റർ ഉണ്ടാക്കിയാണ് അജിത്തിന് ഹൃദയാഘാതം ഉണ്ടായെന്ന് ട്വീറ്റ് ചെയ്തത്. തെന്നിന്ത്യ ഒന്നടങ്കം ഞെട്ടിയതിന് പിന്നാലെ സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി അജിത്തിന്‍റെ മാനേജര്‍ സുരേഷ് പെട്ടന്ന് തന്നെ രംഗത്തെത്തി.

തന്റെ പേരിൽ വന്ന വ്യാജട്വീറ്റ് കണ്ട് ഞെട്ടിപ്പോയെന്നും താരങ്ങളെപ്പറ്റി വേണ്ടാത്തതു പറയാൻ ആളുകള്‍ ഏതറ്റംവരെയും പോകുമെന്ന് ഞാനൊരിക്കലും കരുതിയില്ലെന്നും സുരേഷ് പറഞ്ഞു. അജിത്തിന് ഹൃദയാഘാതം വന്നുവെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു ട്വിറ്ററിലൂടെ പരന്നത്.

അജിത്തിന് കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും മാനേജര്‍ സുരേഷ് ചന്ദ്ര വ്യക്തമാക്കി. ഈ വിഷയത്തിൽ സൈബര്‍ സെല്ലില്‍ ഉടന്‍ പരാതി നല്‍കുമെന്നും ആരാണിത് ചെയ്തതെന്ന കാര്യത്തിൽ തെളിവുണ്ടെന്നും സുരേഷ് പറഞ്ഞു.