യന്തിരൻ 2 വിലെ വില്ലൻ; ഭീകരരൂപിയായി അക്ഷയ് കുമാർ

ബ്രഹ്മാണ്ഡചിത്രം യന്തിരൻ 2വിൽ ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ എത്തുന്നത്. ഭ്രാന്തനായ ഒരു ശാസ്ത്രഞ്ജന്റെ വേഷത്തിലാണ് അക്ഷയ് ചിത്രത്തിൽ എത്തുന്നത്. അയാൾ ചെയ്യുന്നൊരു പരീക്ഷണം പാളിപ്പോയി ഭീകരരൂപിയായി മാറുന്നതാണ് കഥയുടെ പ്രമേയം.

ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ഫുട്ബോൾ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ഭീകരരൂപിയായ ശാസ്ത്രഞ്ജൻ കടന്നുവരുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ സെറ്റുകൾ തന്നെ കോടികൾ മുടക്കിയാണ് നിർമിച്ചിരിക്കുന്നത്.

350 കോടി മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രത്തിൽ രജനീകാന്തും ആമി ജാക്സനും പ്രധാനവേഷങ്ങളിലെത്തുന്നു. മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തിൽ സാബു സിറിൽ ആയിരുന്നു ആർട് ഡയറക്ഷൻ. ബാഹുബലി 2 ന്റെ തിരക്കിലാണ് അദ്ദേഹമിപ്പോൾ. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ത്രീഡിയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്ഫോർമേഴ്സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്സ് ആണ് യന്തിരൻ 2വിന്റെ ആക്ഷൻ. വിഎഫ്എക്സ് ലൈഫ് ഓഫ് പൈ ടീമായ ജോൺ ഹഗ്സ്, വാൾട് എന്നിവരാണ്.