സംവിധായർക്ക് ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ മതി: ആനന്ദി

തമിഴിലെ മുൻനിര സംവിധായകർക്കെതിരെ യുവനടി ആനന്ദി രംഗത്ത്. ചില സംവിധായകർ മേനീപ്രദർശനം നടത്താൻ നിർബന്ധിക്കുകയാണെന്ന് നടി പറയുന്നു. തിരക്കഥയിൽ അവർ പറയുന്നതല്ല ചിത്രീകരണത്തിന് വരുമ്പോൾ നമ്മളോട് നിർദ്ദേശിക്കുന്നതെന്നും ആനന്ദി പറഞ്ഞു.

കായൽ, തൃഷ ഇല്ലാന്നാ നയന്‍താര എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ യുവനടിയാണ് ആനന്ദി. നേരത്തെ തൃഷ ഇല്ലാന്ന നയൻതാര എന്ന സിനിമയുടെ സംവിധായകനെതിരെയും നടി രംഗത്തെത്തിയിരുന്നു.

സാം ആന്റൺ സംവിധാനം ചെയ്ത എനക്കു ഇന്നൊരു പേർ ഇരുക്ക് എന്ന ചിത്രമാണ് ആനന്ദിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ജി.വി പ്രകാശ് ആണ് നായകൻ.

ചിത്രത്തിന് കരാർ ഒപ്പിടുമ്പോൾ നമ്മളോട് വിവരിക്കുന്ന കഥയല്ല ചിത്രീകരണം തുടങ്ങുമ്പോൾ കാണിക്കുന്നതെന്ന് ആനന്ദി പറയുന്നു. മുൻപുള്ള ചിത്രങ്ങളിൽ ഇതുപോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. ശരീരഭാരം കാണിക്കുന്ന വസ്ത്രങ്ങൾ നിർബന്ധിച്ച് ധരിപ്പിക്കാനും ചില സംവിധായകർ ശ്രമിക്കാറുണ്ട്. ആനന്ദി പറഞ്ഞു.

എന്റെ ശരീരത്തെക്കുറിച്ച് എനിക്ക് അറിയാം. മാത്രമല്ല ഗ്ലാമറസ് ആയ വേഷങ്ങൾ എനിക്ക് ചേരുകയുമില്ല. സിനിമയിൽ എത്തുന്നതിന് മുൻപേ ഇത്തരം വസ്ത്രങ്ങൾ ധരിക്കില്ലെന്ന് തീരുമാനമെടുത്തിരുന്നു. ആനന്ദി പറഞ്ഞു.