തൃഷ എയ്ഡ്സ് ബാധിച്ച് മരിച്ചെന്ന് പ്രചരണം; വാർത്ത കണ്ട് തകർന്നുപോയെന്ന് താരം

തെന്നിന്ത്യൻ നടി തൃഷയ്ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. തൃഷ മരിച്ചുവെന്ന് പറയുന്ന പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. പോസ്റ്ററില്‍ മരണ കാരണം എയ്ഡ്‌സ് ആണെന്നും പറയുന്നുണ്ട്. കൂടാതെ തൃഷയുടെ മാതാപിതാക്കളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നു. പൊങ്കല്‍ ആഘോഷത്തിന് 'വീര വിളയാട്ട് ' ആയ ജെല്ലിക്കെട്ട് മത്സരം നിരോധിച്ചതിൽ തമിഴ്നാട്ടിൽ പ്രതിഷേധം തുടരുമ്പോൾ ജെല്ലിക്കെട്ടിനെ എതിർത്ത് നടി രംഗത്തെത്തിയതാണ് കാരണം.

മൃഗങ്ങളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പെറ്റ എന്ന സംഘടനയെ അനുകൂലിക്കുന്ന നടിയാണ് തൃഷ. പെറ്റയുടെ ഹര്‍ജിയിലാണ് സുപ്രിംകോടതി ജല്ലിക്കെട്ട് നിരോധിച്ചത് എന്നതാണ് പെറ്റയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണം. തൃഷ ഉൾപ്പടെ സിനിമയില്‍ നിന്നുള്ള മറ്റു ചിലര്‍ പെറ്റയെ അനുകൂലിച്ചതിന്റെയും അതിന്റെ പ്രചരണാര്‍ത്ഥ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതിന്റെയും പേരിലാണ് ഇവർക്കെതിരെ പ്രതിഷേധം ശക്തമാകാൻ കാരണം. ധനുഷ്, തൃഷ, സണ്ണി ലിയോണ്‍ എന്നിവര്‍ പെറ്റയെ പിന്തുണയ്ക്കുന്ന ടീഷര്‍ട്ടുമിട്ട് പ്രചരണം നടത്തിയത് പലരെയും പ്രകോപിതരാക്കിയിരിക്കുകയാണ്.

സംഭവത്തിൽ പ്രതികരണവുമായി തൃഷയും രംഗത്തെത്തി. തന്റെ പേരിൽ പ്രചരിക്കുന്ന മരണഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തായിരുന്നു നടിയുടെ പ്രതികരണം. ഇത്തരം പ്രചരണം കണ്ട് ഞെട്ടിപ്പോയെന്നും അപമാനിതയായെന്നും നടി പറഞ്ഞു. സോഷ്യല്‍മീഡിയയിൽ ഇത്തരം വൃത്തികെട്ട ഭാഷ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇവർ മുതലാക്കുകയാണെന്നും തൃഷ പറഞ്ഞു.

ഇന്നലെ രാത്രി സുരക്ഷിതമായി തന്നെ വീട്ടിലെത്തിച്ച തമിഴ്നാട്ടിലെ പൊലീസ് അധികാരികൾക്ക് നന്ദി പറയുന്നുവെന്ന് തൃഷ പറഞ്ഞു. ഒരിക്കലും ജെല്ലിക്കെട്ടിനെതിരെ സംസാരിച്ചിട്ടില്ലെന്നും തന്റെ ഭാഗം എന്താണെന്ന് വ്യക്തമാക്കിയ ചിമ്പുവിന് നന്ദിയുണ്ടെന്നും തൃഷ വ്യക്തമാക്കി.

‘ഒരു സ്ത്രീയെയും അവളുടെ കുടുംബത്തെയും അപമാനിക്കുന്നതാണോ തമിഴ്സംസ്കാരം. നിങ്ങളെ തമിഴർ എന്നു വിളിക്കാൻ തന്നെ സാധിക്കില്ല, ഇങ്ങനെയുള്ളവർ ആണോ തമിഴ്സംസ്കാരത്തെക്കുറിച്ച് സംസാരിക്കുന്നത്. തൃഷ ചോദിക്കുന്നു.