കമല്‍ഹാസന്‍റെ തൂങ്കാവനത്തില്‍ ആശ ശരത്ത്

ആശ ശരത്ത് ഇരട്ടനേട്ടത്തിലാണ്. കമല്‍ഹാസനൊപ്പമുള്ള ദൃശ്യത്തിന്‍റെ തമിഴ് പതിപ്പില്‍ അഭിനയിച്ചതിന് പുറകെ അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തിലും ഒരുമിച്ച് അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിരിക്കുകയാണ് താരത്തിന്.

തൂങ്കാവനം എന്ന ആക്ഷന്‍ ത്രില്ലറിലാകും കമലിനൊപ്പം ആശ എത്തുക. പാപനാശത്തിലെ ആശയുടെ പ്രകടനം കണ്ടാണ് അടുത്ത ചിത്രത്തിലും ആശയെ ക്ഷണിച്ചതെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. കമല്‍ഹാസന്‍റെ സഹായിയായിരുന്ന രാജേഷ് ആണ് തൂങ്കാവനം സംവിധാനം ചെയ്യുന്നത്.

തൃഷ നായികയായി എത്തുന്ന ചിത്രത്തില്‍ മനീഷ കൊയ് രാള, മധു ശാലി എന്നിവരാണ് മറ്റുനായികമാര്‍. പ്രകാശ് രാജ്, സംപത്ത്, കിഷോര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. രാജ്കമൽ ഇന്റർനാഷണിലിന്റെ ബാനറിൽ ഒരുങ്ങുന്ന തൂങ്കാവനം തെലുങ്കിലും ഒരേസമയം നിർമ്മിക്കുന്നുണ്ട്.

ഫ്രഞ്ച് സിനിമയായ സ്ലീപ് ലെസ് നൈറ്റിന്റെ റീമേക്കാണ് തൂങ്കാവനം. ആശാശരത്തിനെ സംബന്ധിച്ച് ഈ ചിത്രം ഒരു വഴിത്തിരിവായിരിക്കും. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ മലയാളത്തിൽ അവതരിപ്പിച്ച ഐജി ഗീത പ്രഭാകർ എന്ന കഥാപാത്രത്തെയാണ് ആശ അവതരിപ്പിച്ചത്. പാപനാശം അടുത്തമാസം തിയറ്ററുകളില്‍ എത്തും.

മലയാളത്തില്‍ ഏഞ്ചൽസ് എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ജയറാം സിനിമയാണ് ആശയുടെ അടുത്ത ചിത്രം.