വിസ്മയമായി ബാഹുബലി ട്രെയിലര്‍

ഈഗ എന്ന ചിത്രത്തിന് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ അനുഷ്‌ക, തമന്ന, റാണ, സത്യരാജ്, നാസര്‍, രമ്യകൃഷ്ണ, അദ്വിതി ശേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എം എം കീരവാണിയാണ് ബാഹുബലിയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. തമിഴില്‍ മഹാബലി എന്ന േപരിലും ചിത്രം പുറത്തിറങ്ങും. 2013ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രത്തിനു വേണ്ടി 17 സ്റ്റുഡിയോകളിലായി 600 കലാകാരന്മാരാണ് രാവും പകലും പണിയെടുത്തിരുന്നത്. കേരളത്തിലെ അതിരപ്പള്ളിയിലും സിനിമയുടെ ചിത്രീകരണം ഉണ്ടായിരുന്നു.

ഇത്രയധികം തയ്യാറെടുപ്പുകള്‍ക്ക് ശേഷം റിലീസിനെത്തുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു അത്ഭുതമായി മാറിയേക്കാം എന്നാണ് ടോളിവുഡില്‍ നിന്നുള്ള സംസാരം. ജൂലൈ 10ന് ചിത്രം തിയറ്ററുകളിലെത്തും.

ചിത്രം ഹിന്ദിയില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ്. കൂടാതെ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുന്ന ചിത്രം വിദേശഭാഷകളിലും പ്രദര്‍ശനത്തിനെത്തിക്കും.