ടിപ്പുവിന്റെ റോൾ വേണ്ടെന്ന് രജനിയോടു ബിജെപി

ടിപ്പു സുല്‍ത്താനായി അഭിനയിക്കരുതെന്ന് രജനീകാന്തിന് ബിജെപിയുടെ മുന്നറിയിപ്പ് ആരാധകര്‍ക്കിടയിലും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസമാണ് കന്നഡ നിര്‍മാതാവ് രജനീകാന്തിനെ നായകനാക്കി ടിപ്പു സുല്‍ത്താന്റെ കഥ സിനിമയാക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപി മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

അതേസമയം ഇത്തരത്തിലൊരു സിനിമ ചെയ്യുന്ന കാര്യത്തില്‍ രജനീകാന്ത് തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രജനി അറിയാത്തൊരു വിഷയത്തിലാണ് ഇങ്ങനെയൊരു വിവാദം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള സിനിമയുടെ സ്‌ക്രിപ്റ്റ് പോലും രജനീകാന്ത് ഇതുവരെ വായിച്ചിട്ടില്ലെന്നും അവര്‍ സൂചിപ്പിക്കുന്നു.

നേരത്തെ തമിഴ്‌നാട്ടില്‍നിന്നുള്ള ഹൈന്ദവ സംഘടനകള്‍ രജനീകാന്ത് ടിപ്പു സുല്‍ത്താനായി അഭിനയിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തമിഴ് വിരുദ്ധനായിരുന്ന ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള സിനിമയില്‍ രജനീകാന്ത് അഭിനയിക്കരുതെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ടിപ്പു സുല്‍ത്താന്‍ ഒരു കൊലപാതകിയായിരുന്നെന്നും അദ്ദേഹത്തെ പുകഴ്ത്തുന്ന സിനിമ എടുക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലായിരിക്കുമെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു.