രജനിയുടെ വിനയം എന്നെ അമ്പരപ്പിച്ചു: ഋഷി കപൂർ

കബാലി പോലെ ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത മറ്റൊരു ചിത്രം ഉണ്ടാകില്ല. ലോകമൊട്ടുക്ക് കബാലി തരംഗം ആഞ്ഞടിച്ചപ്പോൾ രജനി സമാധാനമായി അമേരിക്കയിൽ തന്റെ അവധി ആഘോഷിക്കുകയായിരുന്നു. അമേരിക്കയിൽ പ്രഭാതസവാരിക്ക് ഇറങ്ങിയ രജനിയുടെ വിഡിയോയും യൂട്യൂബിൽ തരംഗമായിരുന്നു.

അമേരിക്കൻ പര്യടനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന രജനിയുടെ ഒരു ചിത്രവും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. അമേരിക്കയിലെ ഒരു വിമാനത്താവളത്തിൽ രജനി നിൽക്കുന്നൊരു ചിത്രമായിരുന്നു ഇത്. എന്നാൽ ആ ചിത്രത്തിനുമുണ്ട് ഒരു പ്രത്യേകത. കാരണം അതിലുള്ളത് രജനികാന്ത് ആണ്.

എല്ലാ ആരാധകരെയും പോലെ നടൻ ഋഷി കപൂറിനെയും ഈ ചിത്രം അമ്പരപ്പിച്ചു. ‘ഒരു വലിയ സൂപ്പർതാരത്തിന്റെ എളിമ. അങ്ങയുടെ വിനയത്തെ ഞാൻ ആദരിക്കുന്നു–ഋഷി കപൂർ ട്വീറ്റ് ചെയ്തു. രജനിയുടെ ഈ ചിത്രം പോസ്റ്റ് ചെയ്ത ശേഷം ഋഷി കപൂറിന്റെ വാക്കുകളായിരുന്നു ഇത്.

1986ൽ പുറത്തിറങ്ങിയ ദോസ്തി ദുശ്മനി എന്ന ഹിന്ദി ചിത്രത്തിൽ ഋഷി കപൂറും രജനികാന്തും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ടി രാമ റാവു ആയിരുന്നു സംവിധായകൻ.