ഭാര്യയുടെ സിനിമയിൽ അതിഥിതാരമായി ധനുഷ്

ഭർത്താവിനെ നായകനാക്കി ഒരുക്കിയ ആദ്യസംവിധാനസംരംഭമായ ത്രീ എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയ് രാജ വെയ്. ആദ്യപടം എട്ടുനിലയിൽ പൊട്ടിയ സ്ഥിതിക്ക് രണ്ടു വർഷത്ത ഇടവേളയ്ക്ക് ശേഷമാണ് പുതിയ പ്രോജക്ടുമായി എത്തുന്നത്.ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

മണിരത്നം ചിത്രമായ കടലിലൂടെ വെള്ളിത്തിരയിലെത്തിയ ഗൗതം കാർത്തിക്ക് ആണ് നായകനാകുന്നത്. പ്രിയ ആനന്ദാണ് നായിക. ഐശ്വര്യ ധനുഷ് തന്നെ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രം ഒരു റൊമാന്റിക് കോമഡിയാണ്. വിവേക്, തപസീ, ഡാനിയൽ ബാലാജി എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിൽ ധനുഷ് അതിഥിതാരമായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

യുവൻ ശങ്കർരാജ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം വേൽരാജ് ആണ്. വേലയില്ലാ പട്ടതാരിയുടെ സംവിധായകൻ കൂടിയാണ് വേൽരാജ്. ഏപ്രിൽ 24ന് ചിത്രം തിയറ്ററുകളിലെത്തും.