ധനുഷിനും ഗൗതം മേനോനുമൊപ്പം ജോമോൻ; വിഡിയോ

ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ മേനോൻ ഒരുക്കുന്ന എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ ചിത്രീകരണ വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. ടർക്കിയിലെ സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളാണ് വിഡിയോയിൽ ഉള്ളത്.

സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. സൂര്യയ്ക്ക് വേണ്ടി ഗൗതം മേനോന്‍ എഴുതിയ തിരക്കഥയാണിത്. കഥ കേട്ട സൂര്യ ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് ധനുഷ് ചിത്രത്തിന്റെ ഭാഗമാകുന്നത്. പുതുമുഖം മേഖ ആകാശ് ആണ് ചിത്രത്തിലെ നായിക. ജയറാമിന്റെ മകൻ കാളിദാസൻ നായകനാകുന്ന ഒരു പക്ക കഥൈ എന്ന ചിത്രത്തിലും മേഖയാണ് നായിക.

കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളായ എന്നു നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ജോമോൻ ആണ്. ഈ വർഷം പ്രിയദർശന്റെ ഹിന്ദി ചിത്രത്തിനും ഛായാഗ്രഹണം ജോമോന്റേതാണ്. മാത്രമല്ല ദുൽക്കറിനെ നായകനാക്കി അടുത്തവർഷം സിനിമ സംവിധാനം ചെയ്യാനും ജോമോൻ പദ്ധതിയിടുന്നുണ്ട്