തിരഞ്ഞെടുപ്പ് തോല്‍വി; പൊട്ടിക്കരഞ്ഞ് ശരത്കുമാര്‍

തമിഴ്നാട്ടില്‍ നടന്ന നടികര്‍ സംഘം തിരഞ്ഞെടുപ്പില്‍ വിശാലിനെതിരെ ദയനീയമായി പരാജയപ്പെട്ട നടന്‍ ശരത്കുമാര്‍ വിശദീകരണവുമായി രംഗത്ത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പത്രമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പൊട്ടിക്കരഞ്ഞു.

എസ്പിഐ സിനിമാസുമായുള്ള നടികര്‍ സംഘത്തിന്റെ കരാര്‍ ആണ് ഈ വിവാദങ്ങള്‍ക്കും പിന്നീട് താരങ്ങളുടെ പിളര്‍പ്പിനും കാരണമായത്. എന്നാല്‍ ഈ കരാര്‍ കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നതായി ശരത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇത് പുറത്തുപറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ഏവരെയും അറിയിക്കാമെന്നാണ് വിചാരിച്ചിരുന്നത്. പൊട്ടിക്കരഞ്ഞു കൊണ്ട് ശരത്കുമാര്‍ പറഞ്ഞു.

ഞാനൊരു അഴിമതിക്കാരനല്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ആത്മാര്‍ഥതയോടെയാണ് സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇപ്പോഴും എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തള്ളിക്കളയുന്നു. ശരത്കുമാര്‍ പറഞ്ഞു.

നടികര്‍ സംഘത്തെ ഇനി നാസര്‍ വിശാല്‍ സഖ്യം നയിക്കും. ഇരുവരുമാണ് പുതിയ പ്രസിഡന്‍റും സെക്രട്ടറിയും. നിലവിലെ ഭാരവാഹികളായ ശരത്കുമാറിനെയും രാധാരവിയെയും യഥാക്രമം 109 വോട്ടുകള്‍ക്കും 307 വോട്ടുകള്‍ക്കുമാണ് തോല്‍പ്പിച്ചത്. ട്രഷറര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച കാര്‍ത്തി 413 വോട്ടുകള്‍ക്ക് എസ്എസ് ആര്‍ കണ്ണനെ പരാജയപ്പെടുത്തി.

അസോസിയേഷന്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വാണിജ്യ സമുച്ചയം നിര്‍മിക്കുന്നതിന്, സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്.

ഇടപാടിനു പിന്നില്‍ അഴിമതിയുണ്ടെന്നായിരുന്നു പാണ്ഡവ അണിയുടെ ആരോപണം. അതിനാല്‍ നിലവിലെ കരാര്‍ റദ്ദാക്കി അംഗങ്ങളില്‍ നിന്നു പണം സ്വീകരിച്ച് കെട്ടിടം നിര്‍മിക്കണമെന്നു വിശാല്‍ വിഭാഗവും അതിനാകില്ലെന്നു ശരത് കുമാര്‍ വിഭാഗവും ഉറച്ചു നിന്നതോടെയാണ് വാശിയേറിയ തിര‍ഞ്ഞെടുപ്പിലേക്ക് നീണ്ടത്.